ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു

ലോസ് ആഞ്ച് ലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് താരത്തിന്‍റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാൻ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

"സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതിൽ കടുത്ത നിരാശയുണ്ടെന്നും" ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഇന്ത്യയിലെ യു.എസ്​ അംബാസിഡർ റിച്ചാർഡ്​ വർമ്മ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന്​ അദ്ദേഹം ഷാറൂഖ്​ ഖാനെ ട്വിറ്ററിലൂടെ അറിയിച്ചു.

2009ലും 2012 ഏപ്രിലിലും യു.എസ് സന്ദർശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂ‍യോർക്ക് വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ രണ്ടു മണിക്കൂർ തടഞ്ഞുവെച്ചിരുന്നു. സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.

താരത്തെ തടഞ്ഞ സംഭവത്തിൽ ഇന്ത്യയിലെ യു.എസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ് ലുവിനെ വിളിച്ചുവരുത്തി കേന്ദ്രസർക്കാർ അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് യു.എസ് ദേശീയ വകുപ്പ് വക്താവ് മാര്‍ക് ടോണര്‍ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി.

പേരിന്‍റെ അവസാനം 'ഖാന്‍' എന്നുളളതായിരുന്നു വിമാനത്താവള അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക്‌ നടന്ന ഭീകരാക്രമണത്തിന് ശേഷം യു.എസ് പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.