ഫാഷിസത്തിന്‍െറ അടരുകള്‍ മായുന്നില്ല

പനാജി: ഫാഷിസത്തിന്‍െറ അടിവേരറുക്കാന്‍ എത്രശ്രമിച്ചാലും പലയിടത്തും അതിന്‍െറ അംശങ്ങള്‍ ബാക്കികിടക്കുമെന്ന പേടിപ്പെടുത്തുന്ന സത്യം പറയുന്ന ‘ലേബ്രിന്ത് ഓഫ് ലൈസ്’ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനത്തിലെ ചിത്രമായി.

ഹിറ്റ്ലര്‍ക്കൊപ്പം ഫാഷിസ്റ്റ് ആശയത്തേയും കുഴിച്ചുമുടിയിട്ടും ജര്‍മനിയുടെ ഉള്ളറകളില്‍ നാസി അടരുകള്‍ ഓരോന്നായി കണ്ടത്തെുമ്പോള്‍ പകച്ചുനില്‍ക്കുന്ന ഒരു പ്രോസിക്യൂട്ടറെയാണ് ഓഷ്വിറ്റ്സ് വിചാരണ അവലംബിച്ച് സൃഷ്ടിച്ച കഥയില്‍ അവതരിപ്പിക്കുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഹിറ്റ്ലറുടെ പതനം സംഭവിച്ച് രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഓഷ്വിറ്റ്സ് ക്യാമ്പിലെ നാസി കൂട്ടക്കൊലയെ സംബന്ധിച്ച് വിചാരണ തുടങ്ങിയത്. സമകാലിക ഇന്ത്യയെ ചിലര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സാമൂഹികാവസ്ഥ എത്രമാത്രം ഭീതിദമാണെന്ന് ഓഷ്വിറ്റ്സ് ഇരകളുടെ അനുഭവവിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാം.

ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ട ഒരു പെയിന്‍റര്‍ തന്‍െറ ഭാര്യയും രണ്ടു പെണ്‍കുഞ്ഞുങ്ങളും ഇല്ലാതായത് വിവരിക്കുന്നുണ്ട് ചിത്രത്തില്‍. ക്യാമ്പിലെ നാസി ഡോക്ടര്‍ കുഞ്ഞുങ്ങളെ രോഗാണുക്കള്‍ കുത്തിവെച്ചും ബോധംകെടുത്താതെ പരീക്ഷണശസ്ത്രക്രിയകള്‍ നടത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇത്രയും ദുരന്താനുഭവങ്ങള്‍ നല്‍കിയ ഇവിടെ ഇപ്പോഴും നിങ്ങള്‍ക്കെങ്ങനെ ജീവിക്കാനാകുന്നു എന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന്; ‘എന്‍െറ ക്ളാരക്ക് ആദ്യമായി ഐസ്ക്രീം നല്‍കിയ പാര്‍ക്ക് ഇവിടെയാണ്.

എന്‍െറ മാര്‍ഗരറ്റിന് ആദ്യമായി താറാവിറച്ചി വാങ്ങിനല്‍കിയ കൊച്ചുകട ഇവിടെയാണ്. പിന്നെ ഞാനെങ്ങനെ ഇവിടംവിടും’ എന്നായിരുന്നു ആ പെയിന്‍ററുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.