അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്രമേളയില്‍ അപ്രഖ്യാപിത വിലക്ക്

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സംഘ്പരിവാര്‍ ഇടപെടല്‍. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയും അവരുടെ സിനിമകള്‍ ഉള്‍പ്പെടുത്താതെയുമാണ് പ്രതിഷേധങ്ങളെ ഒതുക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 22 പേര്‍ക്ക് മാത്രമാണ് പ്രവേശാനുമതി നല്‍കിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയും മലയാളിയുമായ ഷിനി പറഞ്ഞു. രാജ്യത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നുള്ള ചിത്രങ്ങള്‍ക്കായി മേളയില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രത്യേക പാക്കേജ് ഈ വര്‍ഷം അധികൃതര്‍ എടുത്തുകളഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പാക്കേജ് പുന$സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം വര്‍ധിച്ച അസഹിഷ്ണുതക്കെതിരെയും ആര്‍.എസ്.എസിന്‍െറ ഹിന്ദുത്വവത്കരണത്തിനെതിരെയും വിദ്യാര്‍ഥികള്‍ സിനിമയിലൂടെ പ്രതിഷേധിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുമെന്നുള്ള ഭയമാണ് വിദ്യാര്‍ഥികളുടെ സിനിമകള്‍ തടയാനുള്ള കാരണം.
 പ്രതിഷേധം ഭയന്ന് മേളയുടെ ഉദ്ഘാടന ദിവസം മുമ്പെങ്ങുമില്ലാത്ത വിധം കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍, സുരക്ഷ ഭേദിച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍.എസ്.എസ് അനുഭാവി ഗജേന്ദ്ര ചൗഹാനെ ഡയറക്ടറായി നിയമിച്ചതില്‍ പ്ളക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിച്ചിരുന്നു. ശനിയാഴ്ച എഫ്.ടി.ഐ.ഐ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്‍െറ പേരില്‍ രണ്ടുപേരെക്കൂടി പൊലീസ് പിടികൂടുകയും ചെയ്തു.
മണിക്കൂറുകള്‍ ചോദ്യംചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. നേരത്തേ അറസ്റ്റു ചെയ്തവരെ ജാമ്യത്തില്‍ വിട്ടെങ്കിലും സംസ്ഥാനം വിടാന്‍ അനുമതി നല്‍കിയിട്ടില്ല. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കുന്നതായും ആരോപണമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.