46ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഗോവയില്‍ ഇന്ന് തുടക്കം

പനാജി: രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ 46ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.ഐ) ഗോവയില്‍ ഇന്ന് തിരിതെളിയും. 10 ദിവസം നീളുന്ന മേളയില്‍ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രരംഗത്തെ പ്രതിഭകളും പ്രമുഖ സിനിമകളും അണിനിരക്കും.
ലോക സിനിമ വിഭാഗത്തില്‍ 187 സിനിമകളും ഇന്ത്യന്‍ പനോരമയില്‍ 47 ചലച്ചിത്രങ്ങളുമാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുക. അര്‍ജന്‍റീന, ബെല്‍ജിയം, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, ഐസ്ലാന്‍ഡ് ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നുള്ള 15 സിനിമകളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ മാറ്റുരക്കുക. ബോളിവുഡ് നടന്‍ അനില്‍ കപൂറാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. സമാപനച്ചടങ്ങിന്‍െറ ഭാഗമായ മെഗാ ഇവന്‍റില്‍ എ.ആര്‍ റഹ്മാന്‍ മുഖ്യാതിഥിയാവും. മാത്യു ബ്രൗണിന്‍െറ ‘ദി മേന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി’ യാണ് ഉദ്ഘാടന ചിത്രം. ലോകത്തെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രമായ ‘പ്രിയമാനസം’ ആണ് ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രം.
അര്‍ജന്‍റീനയില്‍നിന്നുള്ള ഓസ്കര്‍ എന്‍ട്രിയും ഇക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുമായ ‘ദി ക്ളാന്‍’ (എല്‍ ക്ളാന്‍) ആണ് സമാപന ചിത്രം. സ്പെയിനാണ് ഈ വര്‍ഷം മേളയുടെ ശ്രദ്ധാ കേന്ദ്രം. 2015ലെ പുതുമുഖ സംവിധായകരുടെ പ്രതിഭയെ അംഗീകരിക്കാന്‍ ‘ഫസ്റ്റ് കട്ട്’ എന്ന പേരില്‍ പ്രത്യേക വിഭാഗം ഇത്തവണ മേളയുടെ സവിശേഷതയാണ്. ചലച്ചിത്ര നിര്‍മാണത്തിലെ കഴിവുകളുടെ വികസനത്തിനായി ഓസ്കര്‍ അക്കാദമിയുമായി ചേര്‍ന്ന് മാര്‍ക് മാംഗിനി, മില്‍റ്റ് ഷെഫ്റ്റര്‍, ഹംഫ്രി ഡിക്സണ്‍ തുടങ്ങിയ പ്രമുഖരുടെ ക്ളാസും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഇസ്രായേലി ചലച്ചിത്രകാരന്‍ ആമോസ് ഗിതായിയെക്കുറിച്ച് സ്പെഷല്‍ റെട്രോസ്പെക്റ്റീവും ഉണ്ടാവും. പ്രമുഖ ഡാനിഷ് -ഫ്രഞ്ച് നടിയും സംവിധായകയും തിരക്കഥാകൃത്തുമായ അന്ന കരീനയെ പ്രത്യേകമായി ആദരിക്കും. ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെ ഗോവയിലേക്ക് ആകര്‍ഷിക്കുന്ന മേളയില്‍ 7000 ഡെലിഗേറ്റുകളാണ് ഇത്തവണയുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.