ചെമ്മീന്‍ സ്മരണയില്‍ സത്യന്‍ ജ്വലിക്കുന്ന ഓര്‍മ

തിരുവനന്തപുരം: ‘ചെമ്മീന്‍’ ആഘോഷ ചടങ്ങില്‍ സത്യന്‍ വീണ്ടും ജ്വലിക്കുന്ന ഓര്‍മയായി. സത്യന്‍െറ ഓര്‍മകളിലൂടെ സഞ്ചരിച്ച് ചെമ്മീനിലെ പരീക്കുട്ടിയേയും കറുത്തമ്മയേയും അനശ്വരമാക്കിയ മധുവും ഷീലയും അഭിനേതാക്കളായിരുന്ന ലതയും വിലാസിനിയും ഓര്‍മകള്‍ക്ക് നിറം പകര്‍ന്നു. കേരള കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച സത്യന്‍ അനുസ്മരണവും ചെമ്മീനിന്‍െറ സുവര്‍ണജൂബിലി ആഘോഷവുമാണ് ഇതിന് വേദിയായത്. അതേസമയം സത്യന്‍െറ കുടുംബത്തെ ചടങ്ങിന് ക്ഷണിക്കാതിരുന്നത് കല്ലുകടിയായി. മധുവും ഷീലയും ഇത് സംഘാടകരെ ഓര്‍മപ്പെടുത്തുകയും ചെയ്തു. ഗുരുസ്ഥാനീയനായിരുന്നു സത്യനെന്ന് മധു അനുസ്മരിച്ചു. പറഞ്ഞാല്‍ തീരാത്ത ഓര്‍മകളാണുള്ളത്.

വിദ്യാര്‍ഥി , അധ്യാപകന്‍ , ഉദ്യോഗസ്ഥന്‍, പട്ടാളക്കാരന്‍, പൊലീസുകാരന്‍, സിനിമാ നടന്‍ തുടങ്ങി ജീവിതത്തില്‍ അദ്ദേഹം കെട്ടാത്ത വേഷങ്ങളില്ല.
ചെമ്മീനില്‍ ഷീലയും സത്യനും കൊട്ടാക്കരയും ഉള്‍പ്പെടുന്ന വലിയ താരനിരയായിരുന്നു ഉണ്ടായിരുന്നത്. താന്‍ മാത്രമായിരുന്നു ചെറുതെന്ന് മധു പറഞ്ഞു. പ്രേംനസീര്‍ തിരക്കിലായിരുന്നതിനാലാണ് പരീക്കുട്ടിയുടെ വേഷം തനിക്ക് ലഭിച്ചത്. ആദ്യ ചിത്രമായ നിണമണിഞ്ഞ കാല്‍പാടുകളിലെ പട്ടാളക്കാരന്‍െറ വേഷം സത്യന്‍ നിരസിച്ചതിനാലാണ് ലഭിച്ചത്. മലയാള സിനിമയുടെ അഭിമാനം ലോകത്തെ അറിയിച്ച ചിത്രമാണ് ചെമ്മീനെന്നും മധു കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അവസാനം അഭിനയിച്ച ചിത്രം തന്‍െറ ഒപ്പം ആയിരുന്നെന്ന് ഷീല അനുസ്മരിച്ചു. അതില്‍ വെള്ള സാരിയുടുത്ത തന്‍െറ മടിയില്‍ തലവെച്ച് സത്യന്‍ കിടക്കുന്ന സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ സാരിയില്‍ മുഴുവന്‍ ചോരയായിരുന്നു. അന്നാണ് അദ്ദേഹത്തിന് രോഗമാണെന്ന് അറിഞ്ഞത്. പ്രേംനസീറിന്‍െറ പേരില്‍ ജനപ്രിയ നടനുള്ള അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഷീല ആവശ്യപ്പെട്ടു. സ്പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അനശ്വര പ്രതിഭാസമാണ് ചെമ്മീന്‍. യാഥാര്‍ഥ കലാകാരന്മാരെ എന്നും ഓര്‍മിക്കും എന്നതിന് തെളിവാണ് സത്യനെന്നും സ്പീക്കര്‍ പറഞ്ഞു.

സത്യന്‍ സ്മാരകഹാളിന് സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ചടങ്ങില്‍ മധു, ഷീല , ചെമ്മീനിലെ പഞ്ചമിയെ അനശ്വരയാക്കിയ ലത, കുട്ട്യേടത്തി വിലാസിനി എന്നിവരെ ആദരിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി ബ്രീസ് എം.എസ്. രാജ്, പ്രസിഡന്‍റ് എ.പി. ജലജകുമാരി, പി. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.