കൊച്ചി: സിനിമാമേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഭാരവാഹികള്‍ പങ്കെടുക്കില്ല. പകരം ഇവരുടെ പ്രതിനിധികള്‍ പങ്കെടുക്കും. വ്യാപക റിലീസിങ്ങും സിനിമയുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നതുമാണ് ചര്‍ച്ചാവിഷയം. ‘പ്രേമ’ത്തിന്‍െറ വ്യാജന്‍ ഇറങ്ങിയതിനെ ചൊല്ലിയുയര്‍ന്ന വിവാദത്തിന്‍െറയും തിയറ്ററുകള്‍ അടച്ചിട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നടത്തിയ സമരത്തിന്‍െറയും പശ്ചാത്തലത്തിലാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തുന്നത്.
നിര്‍മാതാക്കളും വിതരണക്കാരും ചര്‍ച്ച ബഹിഷ്കരിക്കുകയല്ളെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍ പറഞ്ഞു. തങ്ങളുടെ സംഘടനയെ പ്രതിനിധാനംചെയ്ത് താനും എം.എം. ഹംസയുമാണ് പങ്കെടുക്കേണ്ടത്. എന്നാല്‍, റമദാന്‍ വ്രതം മൂലം ദീര്‍ഘയാത്ര ചെയ്യാന്‍ പറ്റില്ളെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച 27ാം രാവുമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുരേഷ് കുമാര്‍ സ്ഥലത്തുമില്ല.
ഇക്കാരണങ്ങളാലാണ് പ്രതിനിധികളെ അയക്കുന്നത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്. അതേസമയം, ചര്‍ച്ചയുടെ അജണ്ട സര്‍ക്കാര്‍ അറിയിച്ചിട്ടുമില്ല. വ്യാപക റിലീസിങ്ങാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ അത് തങ്ങളുടെ അവകാശമാണെന്ന നിലപാട് വ്യക്തമാക്കും. അത് ഹനിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല -സിയാദ് കോക്കര്‍ വ്യക്തമാക്കി.
തിയറ്ററുടമകളില്‍നിന്ന് വിതരണക്കാര്‍ മുന്‍കൂര്‍ പണം വാങ്ങിയശേഷം ഒരേ സെന്‍ററില്‍ മറ്റുതിയറ്ററുകള്‍ക്കും റിലീസിങ് അനുവദിക്കുന്നതുകൊണ്ടാണ് വ്യാപക റിലീസിങ്ങിനെ എതിര്‍ക്കുന്നതെന്ന ഫെഡറേഷന്‍െറ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മുന്‍കൂര്‍ പണം വാങ്ങുന്നതിന് പരിമിതിയുണ്ടെന്നും ഫെഡറേഷന്‍െറ വിഷയം ഇതല്ളെന്നും അദ്ദേഹം പ്രതികരിച്ചു. മാളുകളുടെയും തിയറ്ററുകളുടെയും തിരിച്ചടവ് തോത് തുല്യമാക്കണമെന്ന ആവശ്യവും പ്രായോഗികമല്ല. തിയറ്ററുകളേക്കാള്‍ കൂടുതല്‍ കലക്ഷന്‍ മാളുകളില്‍നിന്ന് ലഭിക്കുന്നുണ്ട്. മാളുകളുടെയും തിയറ്ററുകളുടെയും ടിക്കറ്റ് നിരക്കിലും വന്‍ അന്തരമുണ്ട് -സിയാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.