ജിയോ ഹോട്ട്സ്റ്റാറിന്റെ ശ്രദ്ധേയമായ സീരീസായ 'കേരള ക്രൈം ഫയൽസ്' മൂന്നാം സീസണിനായി ഒരുങ്ങുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. സീരീസിന്റെ സംവിധായകൻ അഹമ്മദ് കബീർ, രണ്ടാം സീസണിന്റെ എഴുത്തുകാരൻ ബാഹുൽ രമേഷ് എന്നിവർ അടുത്ത ഭാഗത്തിലും തിരിച്ചെത്തുന്നുണ്ട്. അടുത്തിടെ നടന്ന 'സൗത്ത് അൺബൗണ്ട്' ഇവന്റിലാണ് ജിയോ ഹോട്ട്സ്റ്റാർ ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ മൂന്ന് സീസണുകളുള്ള ആദ്യത്തെ മലയാള വെബ് സീരീസായി 'കേരള ക്രൈം ഫയൽസ്' ചരിത്രം കുറിച്ചിരിക്കുകയാണ്. അഹമ്മദ് കബീറിനും ബാഹുലിനുമൊപ്പം സീരീസിലെ അഭിനേതാക്കളായ അർജുൻ രാധാകൃഷ്ണൻ, അജു വർഗീസ് എന്നിവരും ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ പങ്കെടുത്തു.
ഒന്നാം സീസണിൽ പ്രധാന നടനായും രണ്ടാം സീസണിൽ എക്സ്റ്റൻഡഡ് കാമിയോ റോളിലും എത്തിയതിനെക്കുറിച്ച് അജു വർഗീസ് സംസാരിച്ചു. ‘എന്റെ 15 വർഷത്തെ കരിയറിലെ ഒരു നാഴികക്കല്ലാണ് ഈ പ്രൊജക്റ്റ്’. പ്രൊമോഷൻ മെറ്റീരിയലുകളിലും പോസ്റ്ററുകളിലും താൻ പ്രധാനമായി പ്രത്യക്ഷപ്പെട്ടിട്ടും, സീരീസിൽ ഒരു അതിഥി വേഷം മാത്രമാണ് ചെയ്തതെന്ന് അടുത്തിടെ സിനിമാ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് വ്യക്തമാക്കിയിരുന്നു.
ആറ് എപ്പിസോഡ് വീതമുള്ള രണ്ട് സീസണുകൾ. വ്യത്യസ്ത കഥകൾ, വ്യത്യസ്ത അന്വേഷണ രീതികൾ. ആദ്യ സീസണിൽ ലൈംഗിക തൊഴിലാളിയുടെ ദുരൂഹ മരണമാണ് പ്രതിപാദ്യ വിഷയമെങ്കിൽ രണ്ടാം സീസണിൽ അമ്പിളി രാജുവെന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തിരോധാനമാണ് ന്യൂക്ലിയർ പോയന്റ്. ആഷിക്ക് ഐമറാണ് ആദ്യ സീസണിന്റെ തിരക്കഥ ഒരുക്കിയതെങ്കിൽ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ തിരക്കഥ ഒരുക്കിയ ബാഹുൽ രമേശാണ് ‘കേരള ക്രൈം ഫയൽസ് സീസൺ-2’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. 2023ൽ ഇറങ്ങിയ ആദ്യ സീസൺ 2010ൽ നടക്കുന്ന കഥയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലറിനോടൊപ്പം ഇൻഫർമേറ്റിവുമാണ് രണ്ടാം സീസൺ. അതുകൊണ്ട് തന്നെ മൂന്നാം സീസണിലും പ്രതീക്ഷകൽ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.