തമിഴ്‌നാട്ടിൽ 'മെയ്യഴകൻ' വിജയിക്കാത്തതിൽ നിരാശയുണ്ട്; യൂട്യൂബ് റിവ്യൂവർമാർ അന്യായമായി വിമർശിച്ചു -കാർത്തി

തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ ആരാധക പിന്തുണയുള്ള നടൻ കാർത്തി കഴിഞ്ഞ വർഷം റിലീസായ തന്റെ ചിത്രം 'മെയ്യഴകൻ' തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയതിനെക്കുറിച്ച് സംസാരിച്ചതാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. പുതിയ ചിത്രമായ 'വാ വാത്തിയാറിന്‍റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കവെ താരം ഇക്കാര്യം വ്യക്തമാക്കിയത്. ചില കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ്യഴകൻ തമിഴ്‌നാട് തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മറ്റ് പ്രദേശങ്ങളിലെ പ്രേക്ഷകരുടെ പ്രശംസ നേടുകയും പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മികച്ച സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

മെയ്യഴകന് തമിഴ്‌നാടിന് പുറത്ത്, പ്രത്യേകിച്ച് തെലുങ്ക്, മലയാളം പ്രേക്ഷകരിൽ നിന്ന് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചത്. തമിഴ് സംസ്‌കാരത്തിൽ വേരൂന്നിയ ഒരു ചിത്രം സ്വന്തം സംസ്ഥാനത്തെ പ്രേക്ഷകരുമായി ശക്തമായി ബന്ധപ്പെടാൻ കഴിയാതെ പോയതിൽ നിരാശയുണ്ട്. തമിഴ് സംസ്കാരത്തെ ആസ്പദമാക്കി എടുത്ത സിനിമക്ക് തമിഴ്നാട്ടിൽ തിളങ്ങാൻ കഴിഞ്ഞില്ല. അത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. കാർത്തി പറഞ്ഞു. സംവിധായകൻ പ്രേം കുമാറിന് തമിഴ് പ്രേക്ഷകരോട് യാതൊരു നീരസവുമില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു. എന്നാൽ ചിത്രത്തിന്റെ വൈകാരികമായ കാതൽ മനസിലാക്കാതെ അന്യായമായി വിമർശിച്ചു’ എന്ന് ആരോപിച്ച് അദ്ദേഹം ചില യൂട്യൂബ് റിവ്യൂവർമാർക്കെതിരെ വിമർശനമുന്നയിച്ചു.

‘സിനിമയുടെ ആത്മാവ് മനസ്സിലാക്കാതെ അതിനെ തകർക്കാൻ ശ്രമിച്ച യൂട്യൂബർമാരോട് മാത്രമാണ് പ്രേമിന് വിഷമമുള്ളത്. മെയ്യഴകൻ എനിക്ക് വളരെയധികം സംതൃപ്തി നൽകിയ ഒരു പ്രൊജക്റ്റാണ്. ഇത്തരത്തിൽ വൈകാരികമായ കഥകളും കഥാപാത്രങ്ങളും ഒരു നടന്റെ കരിയറിൽ അപൂർവമായി മാത്രമേ ലഭിക്കൂ എന്നും കാർത്തി അഭിപ്രായപ്പെട്ടു.

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘മെയ്യഴകൻ’. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീദിവ്യയാണ് നായിക. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നിവരും ചിത്രത്തിലുണ്ട്. മഹേന്ദ്രൻ രാജു ഛായാഗ്രഹണവും ആർ. ഗോവിന്ദരാജ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയത്. 

Tags:    
News Summary - Karthi targets YouTube review culture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.