തിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെ പുതിയ തമിഴ്, ഹിന്ദി ചിത്രങ്ങളും വെബ്സൈറ്റുകളിലൂടെ പ്രചരിക്കുന്നു. 200 കോടി ചെലവാക്കിയ ബ്രഹ്മാണ്ഡചിത്രമായ ‘ബാഹുബലി’, കമലഹാസന്‍െറ പുതിയ ചിത്രമായ ‘പാപനാസം’ എന്നീ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ സജീവമാണ്. അതിനുപുറമെ മറ്റ് പല സിനിമകളും പ്രചരിക്കുന്നുണ്ട്. 200 കോടി ചെലവാക്കി നിര്‍മിച്ച ബഹുഭാഷാ ചിത്രമായ ‘ബാഹുബലി’യുടെ ഹിന്ദി പതിപ്പാണ് നെറ്റില്‍ പ്രചരിക്കുന്നത്. വിദേശരാജ്യങ്ങളിലുള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം അത് കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രമാണ് ചിത്രം തിയറ്ററുകളില്‍ റിലീസായത്. ഇതുവരെ റിലീസ് ചെയ്തിട്ടില്ലാത്ത തമിഴ്ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിനിമകള്‍ ഇങ്ങനെ പ്രചരിക്കുന്നതിന് തടയിടാന്‍ കഴിയില്ളെന്ന വിലയിരുത്തലിലാണ് പൊലീസ്.
അതിനിടെ കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡില്‍നിന്ന് പിടിച്ചെടുത്ത ‘പ്രേമം’ സിനിമയുടെ ഡീവീഡികള്‍ ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കാന്‍ ആന്‍റി പൈറസി സെല്‍ തീരുമാനിച്ചു. കഴിഞ്ഞദിവസമാണ് സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തുനിന്ന് ‘പ്രേമം’ സിനിമയുടെ ഡീവീഡികള്‍ പിടിച്ചെടുത്തത്. ഇത് കോടതിയില്‍ ഹാജരാക്കി കോടതിയുടെ അനുമതിയോടെ ശാസ്ത്രീയമായ പരിശോധന നടത്താനാണ് ആന്‍റി പൈറസി സെല്‍ തീരുമാനം. തിങ്കളാഴ്ച ഈ ഡീവീഡികള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആന്‍റി പൈറസി വൃത്തങ്ങള്‍ പറഞ്ഞു. എവിടെ നിന്നാണ് വ്യാജന്‍ തയാറാക്കിയതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സോഫ്റ്റ്വെയര്‍ സംവിധാനം ഇന്ന് നിലവിലുണ്ടെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ എല്ലാ ആധുനിക ശാസ്ത്രീയമാര്‍ഗങ്ങളും ഇതിനായി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഡീവീഡികള്‍ അന്വേഷണസംഘം പിടിച്ചെടുത്തത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മാസ്റ്റര്‍ പ്രിന്‍റ് കൈമാറാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ച് സെര്‍ച് വാറണ്ട് വാങ്ങി അന്വേഷണസംഘം സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി ഡീവീഡികള്‍ പിടിച്ചെടുത്തത്. ഡീവീഡികള്‍ കണ്ടെടുത്തശേഷം എഡിറ്റ് സ്യൂട്ടിലും സംഘം പരിശോധന നടത്തിയിരുന്നു. ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. സെന്‍സര്‍ സര്‍ട്ടിഫൈഡ് വാട്ടര്‍മാര്‍ക്കുള്ള പ്രിന്‍റാണ് പ്രചരിക്കപ്പെട്ടത്.
അതിനാല്‍ വ്യാജ പ്രിന്‍റ് പുറത്തുപോയത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിന് ലഭിക്കുന്നത് ഇത്തരത്തിലുള്ള പ്രിന്‍റ് തന്നെയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.
സെന്‍സര്‍ ബോര്‍ഡില്‍നിന്ന് ഈ പ്രിന്‍റ് ചോര്‍ന്നിട്ടില്ളെന്നും അവര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ വളരെ പുരോഗതിയുണ്ടെന്ന് ആന്‍റി പൈറസി സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.