സിനിമ പൈറസി: സമഗ്ര നിയമനിര്‍മാണം വേണം -ഫെഫ്ക, ഡയറക്ടേഴ്സ് യൂനിയന്‍

കൊച്ചി: ‘പ്രേമം’ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പൈറസി തടയാനും സമഗ്ര നിയമനിര്‍മാണം അനിവാര്യമാണെന്ന് ‘ഫെഫ്ക’, ഡയറക്ടേഴ്സ് യൂനിയന്‍ എന്നിവയുടെ ജനറല്‍ സെക്രട്ടറിമാരായ ബി. ഉണ്ണികൃഷ്ണനും കമലും വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. പഴുതുകള്‍ അടച്ച് കടുത്ത ശിക്ഷ ലഭിക്കുംവിധമാകണം നിയമമെന്ന് ഇരുവരും പറഞ്ഞു.

പൈറസിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് പോളിസി ഇല്ല. ഇതുവരെ ആരെയും കാര്യമായി ശിക്ഷിച്ചിട്ടുമില്ല. നിലവിലെ നിയമത്തില്‍ നിരവധി പഴുതുകള്‍ ഉണ്ട്. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകണം. നല്ല ജാഗ്രത ഉണ്ടെങ്കില്‍ പൈറസി തടയാം. ഇതിന് സമഗ്ര നിയമ നിര്‍മാണത്തോടൊപ്പം സാങ്കേതികനടപടികളും ബോധവത്കരണവും വേണം. കോപ്പിറൈറ്റ് നിയമവും പ്രബലമാകണം. സിനിമയുടെ ഉള്ളടക്കം എങ്ങനെ രക്ഷിക്കാമെന്നത് സംബന്ധിച്ച് എഡിറ്റേഴ്സും നിര്‍മാതാക്കളുമായി ഫെഫ്കയും ഡയറക്ടേഴ്സ് യൂനിയനും ചര്‍ച്ച തുടങ്ങി. അധികം താമസിയാതെ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കും. സിനിമ ഡിജിറ്റല്‍ ആയതോടെയാണ് പൈറസിയും വ്യാപകമായത്.

അന്‍വര്‍ റഷീദിന്‍െറ രാജി സ്വീകരിച്ചിട്ടില്ല. രാജി തങ്ങള്‍ വലുതായി എടുക്കുന്നില്ല. അദ്ദേഹത്തെ സംഘടനയില്‍ പിടിച്ചുനിര്‍ത്താന്‍ അവസാനശ്രമവും നടത്തും. അദ്ദേഹവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ‘പ്രേമ’ത്തിന്‍െറ പൈറസിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്‍െറ പരാതിയുടെ അഭാവത്തിലും തങ്ങള്‍ സജീവമായി ഇടപെട്ടിട്ടുണ്ട്.

‘പ്രേമ’ത്തിന്‍െറ മറയില്‍ ഉണ്ണികൃഷ്ണന്‍െറ തല കൊയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത രഞ്ജി പണിക്കരും കമലും പറഞ്ഞു. ഉണ്ണികൃഷ്ണന്‍െറ സ്ഥാപനത്തെക്കുറിച്ച് ഇതുവരെ പൊലീസ് പരാമര്‍ശം വന്നിട്ടില്ല. കോപ്പി ചോര്‍ന്നതിന്‍െറ ഉറവിടമാണ് എല്ലാവരും അന്വേഷിക്കുന്നത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ആയശേഷമാണ് ഉണ്ണികൃഷ്ണനെതിരെ ആരോപണം വന്നുതുടങ്ങിയത്. ഉണ്ണികൃഷ്ണനും പ്രിയദര്‍ശനും എതിരായ ആരോപണങ്ങളില്‍ ഇരുസംഘടനയും പ്രതിഷേധിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് ^ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.