പുതിയ സിനിമകള്‍ക്ക് ഇനി വ്യാപക റിലീസിങ്ങ്

കൊച്ചി: ഒടുവില്‍ പുതിയ സിനിമകളുടെ വ്യാപക റിലീസിങ്ങ് നടത്താന്‍ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും സംയുക്തമായി തീരുമാനിച്ചു. ഡല്‍ഹിയിലെ കോമ്പിറ്റീഷന്‍ കമീഷന്‍ വിധിയുടെ അടിസ്ഥാനത്തിലാണീ തീരുമാനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ‘ബാഹുബലി’യുടെ വ്യാപക റിലീസിങ്ങോടെ ഇതിനു തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇനി തിരിച്ചു പോക്കില്ളെന്നും അവര്‍ വ്യക്തമാക്കി.
വ്യാപക റിലീസിങ്ങ് നടത്തണമെന്ന കോമ്പിറ്റീഷന്‍ കമീഷന്‍ വിധി കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും അതിന്‍െറ ഭാരവാഹികളും ചേര്‍ന്ന് 2.33 ലക്ഷം പിഴ അടക്കണമെന്നും കമീഷന്‍ വിധിച്ചിരുന്നു. ഇതിനെതിരെ കമീഷന്‍െറ ട്രൈബ്യൂണലിന് അപ്പീല്‍ നല്‍കുമെന്ന് അവര്‍ അറിയിച്ചു.
കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസില്‍ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. 2008 മുതല്‍ വൈഡ് റിലീസിങ്ങ് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഓരോ തവണയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തടസ്സപ്പെടുത്തുകയും പറഞ്ഞ് പറ്റിക്കുകയുമായിരുന്നു. വ്യാപക റിലീസിങ് നടന്നിരുന്നെങ്കില്‍ ‘പ്രേമം’ അടക്കമുള്ള സിനിമകളുടെ വ്യാജ പതിപ്പ് പ്രചാരണം തടയാമായിരുന്നു. ഹിന്ദിയിലും തമിഴിലുമെല്ലാം പുതിയ സിനിമകള്‍ ആയിരക്കണക്കിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഇവിടെ ഇപ്പോഴും 70 തിയറ്ററുകളിലാണ് റിലീസിങ്ങ്. ഫെഡറേഷനിലെ ചില ഏകാധിപതികളുടെ നിലപാടാണ് ഇതിനു കാരണമെന്ന് അവര്‍ പറഞ്ഞു.

സംസ്ഥാനത്ത് എതൊക്കെ തിയറ്ററുകളില്‍ ബാഹുബലി’ റിലീസ് ചെയ്യാന്‍ കഴിയുമോ അവിടെയെല്ലാം റിലീസിങ് അനുവദിക്കും. ഏതെങ്കിലും തിയറ്റര്‍ ഉടമകള്‍ സിനിമ റിലീസ് ചെയ്യാന്‍ തയാറാകുന്നില്ളെങ്കില്‍ അവര്‍ക്കെതിരെ കോമ്പറ്റീഷന്‍ കമീഷന് പരാതി നല്‍കുകയും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്യും. ‘പ്രേമ’ത്തിന്‍െറ പേരില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തിയറ്ററുകള്‍ അടച്ചിടുന്നതിന് പിന്നില്‍ വ്യാപക റിലീസിങ്ങിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ്. മുമ്പും സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയിട്ടുണ്ട്. അപ്പോഴൊന്നും കാണിക്കാത്ത ആവേശമാണ് ഇപ്പോള്‍  തിയറ്ററുകള്‍ അടച്ചിട്ട് കാണിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്കുമാര്‍, ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സിയാദ് കോക്കര്‍, കല്ലിയൂര്‍ ശശി, ‘ബാഹുബലി’യുടെ വിതരണം ഏറ്റെടുത്ത സെഞ്ച്വറി ഫിലിംസിന്‍െറ രാജു മാത്യു, ഹംസ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.