തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍െറയും വിഭജനത്തിന്‍െറയും പിന്നാമ്പുറത്ത് ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത കലാപങ്ങളുടെയും കൊലവിളികളുടെയും ദൃശ്യവായനയുമായി രണ്ടാംദിനത്തില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നോ വിമന്‍സ് ലാന്‍ഡ് കൈയടി നേടി. ഓസ്കര്‍ പട്ടികയിലെ ചിത്രങ്ങളും ഇറാനിയന്‍, ഇറാഖി ചിത്രങ്ങളും ആസ്വാദകരെ കൈയിലെടുത്തു. എന്നാല്‍, കണ്‍ട്രിഫോക്കസിലത്തെിയ മ്യാന്‍മര്‍ ചിത്രം റെഡ് കോട്ടണ്‍ സില്‍ക് ഫ്ളവര്‍ ആസ്വാദകരെ നിരാശപ്പെടുത്തി. ഭൂരിപക്ഷവും ആദ്യ പകുതിക്കുമുമ്പ് തിയറ്റര്‍ വിട്ടു.
റാഡ്ക്ളിഫ് രേഖക്ക് ഇരുവശത്തുമുള്ള ചരിത്രത്തിലിടം നേടാതെപോയ മനുഷ്യരുടെ കഥപറയുകയാണ് ബംഗാളി സംവിധായകന്‍െറ രാജ്കഹിനി (നോ വിമന്‍സ് ലാന്‍ഡ്). ഇന്ത്യാ-പാകിസ്താന്‍ വിഭജനം, സ്ത്രീവിമോചനം, സ്വാതന്ത്ര്യസമരം എന്നിവയെക്കുറിച്ച പുതിയ നിരീക്ഷണമാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിര്‍ത്തിക്കിരുവശത്തുമുള്ളവര്‍ക്ക് ചോരയും കണ്ണീരും നല്‍കി ഇരുരാജ്യങ്ങളും മനുഷ്യരെ വീതിച്ചെടുത്തതിന്‍െറ കണക്കുകളിലൂടെയാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. വേലിക്കിരുവശവുമുള്ള സാധാരണക്കാരുടെ കാഴ്ചകളും ഓര്‍മകളും ദുരന്തപൂര്‍ണമാണെന്ന് തെളിയിക്കുന്നുണ്ട് ചിത്രം.
ലൈംഗികത്തൊഴിലിലത്തെിപ്പെട്ട സ്ത്രീകള്‍ താമസിക്കുന്ന വീടിന്‍െറ മധ്യഭാഗത്തുകൂടി വേലികെട്ടാനുള്ള ഭരണകൂടത്തിന്‍െറ ശ്രമത്തെ സ്ത്രീകള്‍ ജീവന്‍നല്‍കി പ്രതിരോധിക്കുന്നുണ്ട്.ജനിച്ചുവളര്‍ന്ന വീടും നാടുമൊക്കെ വിട്ട് ജനം ഇരുരാജ്യങ്ങളിലേക്കും ഒഴുകുന്ന ദൃശ്യങ്ങള്‍ വിഭജനം ഒരു ജനതക്കുണ്ടാക്കിയ മുറിവിന്‍െറ ആഴം കാണിക്കുന്നു. പ്രതിഷേധിക്കുന്നവരെ ചുട്ടുകൊല്ലാനുള്ള ശ്രമത്തെ പ്രതിരോധിക്കുന്ന സ്ത്രീകള്‍ അവസാനം ഭരണകൂടത്തിന്‍െറ രക്തദാഹത്തിന് സ്വയം ബലികൊടുക്കുകയാണ്. രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമന പുതിയ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ശക്തമായ ഇതിവൃത്തവും ദൃശ്യഭംഗിയും വെളിവാക്കിയ ‘ഇമ്മോര്‍ട്ടല്‍’ വേറിട്ട അനുഭവമായി. ഇറാനിയന്‍ ജീവിതത്തിന്‍െ തീവ്രത വിളിച്ചറിയിക്കുന്നതായിരുന്നു ചിത്രം. എഴുപത് വയസ്സുകാരനും അദ്ദേഹത്തിന്‍െറ ചെറുമകനും തമ്മിലെ ആത്മബന്ധമാണ് ഹാദി മൊഹാഗേഗിന്‍െറ സിനിമ പറയുന്നത്.
ഓസ്കര്‍ അവാര്‍ഡുകള്‍ക്ക് നിര്‍ദേശിച്ച ചിത്രങ്ങള്‍ കാണാനും വലിയ തിരക്കായിരുന്നു. ദി ക്ളബ്, എന്‍.എന്‍, ഇക്സാനുവല്‍, 100 യെന്‍ ലൗ, ദ ഹൈസ, 600 മൈല്‍സ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. കാത്തലിക്സഭയിലെ വൈരുധ്യങ്ങള്‍ നിര്‍ഭയം തുറന്നുകാട്ടുന്ന ചിത്രമാണ് ക്ളബ്. പെറുവിലെ രാഷ്ട്രീയകലാപങ്ങളില്‍ കാണാതായവരുടെ ശവശരീരങ്ങളെക്കുറിച്ച അന്വേഷണമാണ് ഹെക്ടര്‍ ഗാല്‍വേസിന്‍െറ എന്‍.എന്‍. ചൈനീസ് ചിത്രം കൈലി ബ്ളൂസ് പ്രേക്ഷകരെ മടുപ്പിച്ചു. മലയാളി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ മികച്ച പ്രതികരണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.