അയിത്തത്തെ പരോക്ഷമായി ന്യായീകരിക്കുന്നുവെന്ന്​; 'ഒരു തീണ്ടാപ്പാടകലെ' പിൻവലിച്ചു

തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്നുവെന്ന വിമർശനം ഉയർന്നതോടെ 'ഒരു തീണ്ടാപ്പാടകലെ' ഹ്രസ്വചിത്രം അണിയറപ്രവർത്തകർ പിൻവലിച്ചു. യൂട്യൂബിൽനിന്നും മറ്റു സാമൂഹിക മാധ്യമങ്ങളിൽനിന്നും ചിത്രം പിൻവലിച്ചതായി പു.ക.സ സംസ്​ഥാന ​സെക്രട്ടറി രാവുണ്ണി അറിയിച്ചു. ഇദ്ദേഹം തന്നെയാണ്​ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. നാടകപ്രവര്‍ത്തകനായ എം.ആര്‍. ബാലചന്ദ്രനാണ് സംവിധാനം. തൃശൂർ നാടക സൗഹൃദവും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ്​ നിർമാണം.

കോവിഡ് ​കാലത്ത് മനുഷ്യർ തമ്മിൽ ശാരീരിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം എന്ന സാമൂഹ്യ നന്മയെ ലക്ഷ്യമിട്ടുള്ള ആശയം പ്രചരിപ്പിക്കാനാണ്​ ഹ്രസ്വചിത്രം ഒരുക്കിയതെന്ന്​ രാവുണ്ണി ​ഫേസ്​ബുക്കിൽ പഞ്ഞു. എന്നാൽ, തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുർവ്യാഖ്യാനവുമായി പലരും സോഷ്യൽ മീഡിയയിൽ പു.ക.സ .യെ ആക്ഷേപിക്കാൻ ഇതിനെ കരുവാക്കുന്നു എന്ന് കണ്ടതോടെയാണ്​ ചിത്രം പിൻവലിക്കുന്നത്​. അയിത്തം കൊറോണയോടാണ്. ചിത്രം കാണാത്തവരിലേക്ക് തെറ്റിദ്ധാരണ പുലർത്താനും ദുർവ്യാഖ്യാനം നടത്താനും സിനിമയുടെ പേരും കാരണമായി എന്നതിൽ വളരെ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാമൂഹിക അകലം പാലിക്കുന്നതിനെ കീഴ്​ജാതിയില്‍പ്പെട്ട മനുഷ്യര്‍ നേരിട്ട തീണ്ടാപ്പാടകലെ എന്ന പ്രയോഗമാണ്​​ ഉപയോഗിച്ചിരിക്കുന്നത്​. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണന്‍ ദളിതനായ അയ്യപ്പനില്‍നിന്ന് അകന്ന് നില്‍ക്കാനൊരുങ്ങുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തീണ്ടലിനെയും തൊട്ടുകൂടായ്​മയെയും സാമൂഹിക അകലമായി വ്യാഖ്യാനിക്കുകയാണെന്ന വിമർശനമാണ്​ ഉയർന്നത്​.

പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ ഹ്രസ്വചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. സംഘടനക്കകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ്​ ചിത്രത്തിനെതിരെ ഉയർന്നത്​. 


രാവുണ്ണിയുടെ ​ഫേസ്​ബുക്ക്​ പോസ്​റ്റ്​:
 
കൊറോണക്കാലത്ത് മനുഷ്യർ തമ്മിൽ ശാരീരിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം എന്ന, സാമൂഹ്യ നന്മയെ ലക്ഷ്യം വെച്ചു കൊണ്ടുള്ള, ആശയം പ്രചരിപ്പിക്കുന്നതിനാണ് 'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രം നിർമ്മിക്കാൻ നാടക പ്രവർത്തകനായ എം.ആർ. ബാലചന്ദ്രൻ മുന്നോട്ടുവന്നത്. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ബാലചന്ദ്രൻ ഹ്രസ്വ ചിത്രത്തിൻെറ ആശയം പങ്കുവെച്ചപ്പോൾ അതൊരു നല്ല കാര്യമാണല്ലൊ എന്നാണ് എനിക്കു തോന്നിയത്. 

അദ്ദേഹത്തിൻെറ അഭ്യർത്ഥന മാനിച്ച് ഞാൻ അഭിനയിക്കുകയും ചെയ്​തു. ടെെറ്റിലിൽ ചിത്രത്തിൻെറ നിർമ്മാണം എന്നിടത്ത് തൃശൂർ നാടക സൗഹൃദത്തോടൊപ്പം പുരോഗമന കലാസാഹിത്യത്തിൻെറ പേരു കൂടി വെച്ചാൽ ഇത് കാണാനും പ്രചരിപ്പിക്കാനും കൂടുതൽ ആളുണ്ടാവുമല്ലൊ എന്നും ബാലചന്ദ്രൻ കരുതി. സർക്കാർ പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്ന സാമൂഹ്യ അകലം, മാസ്ക്ക് ധരിക്കൽ എന്നിവക്കുള്ള പ്രചരണം കൂടിയാവുമല്ലൊ എന്ന നല്ല വിചാരത്തിലാണ് അങ്ങനെയാവട്ടെ എന്ന് ഞാനും കരുതിയത്. ടെലിവിഷൻ ചാനലുകളിലും ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെയായി ആയിരക്കണക്കിനാളുകൾ ഈ ഹ്രസ്വചിത്രം ഇതിനകം കണ്ടു കഴിഞ്ഞു. നല്ല അഭിപ്രായമാണ് പൊതുവിൽ കിട്ടിയത്.

എന്നാൽ തീണ്ടലിനെ പരോക്ഷമായി ന്യായീകരിക്കുന്ന സിനിമ എന്ന ദുർവ്യാഖ്യാനവുമായി പലരും ഇന്ന് സോഷ്യൽ മീഡിയയിൽ പു.ക.സ.യെ ആക്ഷേപിക്കാൻ ഈ ഹ്രസ്വചിത്രത്തെ കരുവാക്കുന്നു എന്ന് കാണുന്നതിൽ വലിയ ദുഃഖം തോന്നുന്നു. തീണ്ടലിനെ ഒരു നിലക്കും പൊറുപ്പിക്കരുത് എന്ന ഉറച്ച നിലപാടാണ് ഞങ്ങൾക്കുള്ളത്. മനുഷ്യനും മനുഷ്യനും തമ്മിൽ ജാതി, മതം, ദേശം, ആചാരം എന്നിവയുടെ പേരിൽ അയിത്തം കൽപ്പിക്കുന്നതിനെ ഉടലിൽ ജീവനുള്ള കാലം വരെ അംഗീകരിക്കുന്ന പ്രശ്​നമില്ല. 

ഹ്രസ്വചിത്രത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്, അയിത്തം കൊറോണയോടാണ് എന്ന്. ചിത്രം കാണാത്തവരിലേക്ക് തെറ്റിദ്ധാരണ പുലർത്താനും ദുർവ്യാഖ്യാനം നടത്താനും സിനിമയുടെ പേരും കാരണമായിഎന്നതിൽ വളരെ ഖേദമുണ്ട്. ദുർവ്യാഖ്യാനത്തിന് ഇടയാക്കിയ, പ്രചരണത്തിനു കരുവായിത്തീർന്ന ഈ ഹ്രസ്വചിത്രം, തുടർന്ന് പ്രദർശിപ്പിക്കുന്നില്ല എന്ന വിവരം അറിയിച്ചുകൊള്ളട്ടെ. യു. ട്യൂബിൽ നിന്നും മറ്റു സോഷ്യൽ മീഡിയകളിൽ നിന്നും പിൻവലിച്ചു കഴിഞ്ഞു.
-രാവുണ്ണി

Full View
Tags:    
News Summary - short film deleted from social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.