ഷെറിയുടെ പുതിയ ജനകീയ സിനിമ 'ക ഖ ഗ ഘ ങ' ചിത്രീകരണം തുടങ്ങി

തളിപ്പറമ്പ്: ആദിമധ്യാന്തം എന്ന ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാർഡ് നേട്ടം കരസ്ഥമാക്കിയ സംവിധായകൻ ഷെറിയുടെ മൂന്നാമത്തെ ചിത്രം തളിപ്പറമ്പിലും പരിസരത്തുമായി ചിത്രീകരണം തുടങ്ങി. 'ക ഖ ഗ ഘ ങ' എന്ന് പേരിട്ട ജനകീയ സിനിമ തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ബാനറിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ രചന നിർവ്വഹിച്ചതും ഷെറിയാണ്.

ഷെറിയുടെ രണ്ടാമത് ചിത്രം 'ഗോഡ് സെ' തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സംവിധായകൻ മനോജ് കാനയാണ് ചിത്രത്തിൽ നായകനാവുന്നത്. പ്രശസ്ത നാടക നടൻ കോക്കോടൻ നാരായണനാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഇടങ്ങളിലുള്ള തദ്ദേശീയരായ ഗ്രാമീണരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്യാരി, ആദിമധ്യാന്തം തുടങ്ങി ദേശീയ അവാർഡ് നേടിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ജലീൽ ബാദുഷയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സുനീഷ് വടക്കുമ്പാടൻ, പ്രദീപ് പത്മനാഭൻ എന്നിവർ കലാ സംവിധാനവും റിയാസ് കെ.എം.ആറാണ് പ്രൊജക്ട് ഡിസൈനറും സാദിഖ് നെല്ലിയോട് പ്രൊഡക്ഷൻ കൺട്രോളറുമായി പ്രവർത്തിക്കുന്നു. അർജുൻ സഹസംവിധാനവും ലതിക വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സുനീഷാണ് ചമയം.

കോടികൾ ഒഴുക്കേണ്ടി വരുന്ന സിനിമാ നിർമ്മാണ മേഖലയിൽ ജനകീയ കൂട്ടായ്മയോടെ സിനിമയൊരുക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. മലയാളത്തിലെ ഏറ്റവും ചിലവ് ചുരുങ്ങിയ സിനിമയായിരിക്കും ഇതെന്നും സാധാരണക്കാരനും സിനിമയെ പ്രാപ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും സംവിധായകൻ ഷെറി പറഞ്ഞു. ഈ ജനകീയ സിനിമയുമായി സഹകരിക്കാനും സഹായിക്കാനും താത്പര്യമുള്ളവർ 8848673869, 7511101 258 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധപെട്ടവർ പറഞ്ഞു. സിനിമ ഒക്ടോബറിൽ പ്രേക്ഷകർക്ക് മുമ്പിലെത്തും.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.