ഈജിപ്ത് ചലച്ചിത്രകാരന്‍ ഉമര്‍ ശരീഫ് അന്തരിച്ചു

കൈറോ: വിഖ്യാത ഈജിപ്ത് അഭിനേതാവ് ഉമര്‍ ശരീഫ് (83) അന്തരിച്ചു. ദീര്‍ഘകാലമായി അല്‍ഷൈമേഴ്സ് അസുഖബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച കൈറോയില്‍ ആശുപത്രിയിലാണ് മരിച്ചത്.
ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ തുടങ്ങിയ ക്ളാസിക്കുകളില്‍ അഭിനയിച്ച് പ്രശസ്തനായി മൂന്നുതവണ ഗോള്‍ഡന്‍ മ്ളോബ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഒരുതവണ ഓസ്കറിനും നാമനിര്‍ദേശം ചെയ്യപ്പെട്ടു.
1932ല്‍ അലക്സാണ്ട്രിയയില്‍ ജനിച്ച ഉമര്‍ ശരീഫ് 1953ല്‍, പ്രശസ്ത സംവിധായകന്‍ യൂസഫ് ഷഹീനിന്‍െറ സിറാഹ് ഫി അല്‍ വാദി എന്ന ചിത്രത്തിലൂടെയാണ് ഉമര്‍ ശരീഫ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ആ ചിത്രത്തിലൂടെതന്നെ അദ്ദേഹം ശ്രദ്ധേയനാവുകയും ചെയ്തു. തുടര്‍ന്ന്, 2013 വരെയുള്ള കാലത്ത് അറബിയിലും ഇംഗ്ളീഷിലുമായി നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ചു. ലോറന്‍സ് ഓഫ് അറേബ്യയായിരുന്നു ഉമര്‍ ശരീഫിന്‍െറ ആദ്യ ഇംഗ്ളീഷ് സിനിമ. 1962ലാണ് ഇത് പുറത്തിറങ്ങിയത്.
ആദ്യസിനിമയിലെ നായിക ഫാതിന്‍ ഹമാമയെ ആണ് ശരീഫ് ജീവിതസഖിയാക്കിയത്. ക്രിസ്ത്യാനിയായിരുന്ന ശരീഫ് ഇസ്ലാംമതം സ്വീകരിച്ചാണ് 1954ല്‍ ഹമാമയെ വിവാഹം കഴിച്ചത്. 1974ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ ഒരു മകനുണ്ട്. താരീഖ് അല്‍ ശരീഫ്. താരീഖിന്‍െറ മകന്‍ ഉമര്‍ ശരീഫും അറിയപ്പെടുന്ന അഭിനേതാവാണ്. ജൂനിയര്‍ ഉമര്‍ ശരീഫ് എന്നാണ് അദ്ദേഹം ചലച്ചിത്രലോകത്തറിയപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.