ന്യൂഡൽഹി: ബോളിവുഡിൽ താരങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾ പുറത്തുവന്നു കൊണ്ടിരിക്കെ പുരുഷരെല്ലാം മോശക്കാരല്ലെന്നും സ്ത്രീകൾ പ്രശസ്തിക്കും അധികാരത്തിനുമായി ലൈംഗികതയെ ഉപയോഗപ്പെടുത്തുകയാണെന്നും അഭിപ്രായപ്പെട്ട് നടി പൂജാ ഭട്ട്.
‘‘ഒരാൾ പുരുഷനായതു കൊണ്ട് ഇൗ ലോകത്തെ എല്ലാ പുരുഷൻമാരും ലൈംഗിക അതിക്രമികൾ എന്നു പറയാൻ കഴിയില്ല. ഇൗ ലോകത്തെ എല്ലാ സ്ത്രീകളും ഇരകളാകണമെന്നും നിർബന്ധമില്ല. ചില സമയങ്ങളിൽ സ്ത്രീയും അപരാധിയാകാം. ഒരേ ബ്രഷ് കൊണ്ട് എല്ലാവരെയും പെയിൻറ് ചെയ്യുന്ന രീതി പക്ഷപാതപരമാണ്’’- പൂജാഭട്ട് പറഞ്ഞു.
സഹപ്രവർത്തകരായ സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണം ബോളിവുഡിൽ മാത്രമുള്ളതല്ല. മാധ്യമ, രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ലൈംഗിക ചുഷണങ്ങൾ നടക്കുന്നത് അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലാണ്. ചില സാഹചര്യങ്ങളിൽ അധികാരത്തിനു വേണ്ടി സ്ത്രീകൾ അവരുടെ ലൈംഗികതയെ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലിരിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നതും ലൈംഗിക താൽപര്യങ്ങളെ കൂടുതൽ പ്രശസ്തിക്കായി ഉപയോഗിക്കുന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും പൂജാ ഭട്ട് അഭിപ്രായപ്പെട്ടു.
ചില കേസുകളിൽ നിരപരാധികളായ പുരുഷൻമാരെ മാധ്യമങ്ങളും കോടതിയുമെല്ലാം വിചാരണ ചെയ്ത് സമൂഹത്തിൽ അദ്ദേഹത്തിെൻറ പദവിയും കുടുംബ ജീവിതവുമെല്ലാം നശിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്നും പൂജാ ഭട്ട് പറഞ്ഞു.
മീ ടു കാമ്പയിനിൽ നടി തനുശ്രീ ദത്ത നടൻ നാനാ പടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെ കൂടുതൽ നടികൾ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.