തമാശ കൂടാനും കുറയാനും പാടില്ല; അതൊരു വെല്ലുവിളിയായിരുന്നു -രമേശ് പിഷാരടി 

അവതാരകനായും മിമിക്രി കലാകാരനായും നടനായും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ് രമേഷ് പിഷാരടി. പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തിലൂടെ തനിക്ക് സംവിധാനക്കുപ്പായവും ചേരുമെന്ന് കൂടി  അദ്ദേഹം തെളിയിച്ചിരിക്കുന്നു. ചിത്രം തിയേറ്ററുകളില്‍ കൈയടി നേടുമ്പോൾ രമേശ് പിഷാരടി മാധ്യമം ഓണ്‍ലൈനിനോട് മനസ്സ് തുറക്കുന്നു. 

പഞ്ചവര്‍ണ തത്തക്ക് ലഭിച്ച പ്രേക്ഷക പ്രതികരണം

കുടുംബത്തോടൊപ്പം കാണാനാവുന്ന ചിത്രമാണ് പഞ്ചവര്‍ണ തത്ത. റിലീസ് ചെയ്തിരുക്കുന്ന തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ രണ്ടുദിവസത്തേക്കാള്‍ മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രം കണ്ടവരുടെ പ്രതികരണം തന്നെയാണ് വീണ്ടും ആളുകളെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നത്.

മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, അവതാരകന്‍ ഇപ്പോഴിതാ സംവിധായകനുമായി

പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സന്തോഷമുണ്ട്.  പുതിയ കാര്യം ചെയ്തിട്ട് ആളുകള്‍ അംഗീകരിക്കാതെ വരുമ്പോള്‍ വലിയ വിഷമം തോന്നും. പക്ഷേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു. ജനങ്ങള്‍ ചിത്രം കണ്ട് നല്ല അഭിപ്രായം പറയുന്നതിന്‍റെ സന്തോഷം എപ്പോഴുമുണ്ട്.

മിമിക്രിയും സിനിമയും

അതെല്ലാം നമ്മുടെ പരിശ്രമം പോലെയാണ്.  നന്നായി പരിശ്രമിച്ചില്ലെങ്കില്‍ എല്ലാം ബുദ്ധിമുട്ടാകും. ആളുകളെ ആസ്വദിപ്പിക്കാനായിരിക്കണം ഒരു  സ്‌കിറ്റ് ചെയ്യുന്നത്.  കാശ് തന്നിട്ടാണ് നമ്മെ പോലുള്ളവരെ ഇത്തരം പരിപാടികൾക്ക് വിളിക്കുന്നത്. 

സിനിമയും അതുപോലെയാണ് സന്തോഷിക്കാനാണ് പ്രേക്ഷകർ ടിക്കറ്റ് എടുക്കുന്നത്. അതിനാൽ അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കണം. ആത്മസമര്‍പ്പണത്തോടെ പരിശ്രമിച്ചാല്‍ എല്ലാ ജോലികളും എളുപ്പമാകും.  നമുക്ക് കഴിയും എന്ന് തോന്നുമ്പോഴാണല്ലോ ഓരോ കാര്യത്തിനായി ഇറങ്ങുന്നത്.  മിക്ക കാര്യങ്ങളും നന്നായി പഠിച്ചിട്ടാണ് ഞാന്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത്ര ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല.

സംവിധാനം വളരെ കാലമായി മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹം

സംവിധാനം നേരത്തെയുള്ള ആഗ്രമായിരുന്നില്ല. മിമിക്രി കാസറ്റില്‍ പങ്കെടുക്കണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു. മറ്റുള്ള കാര്യങ്ങളെല്ലാം ആത്മവിശ്വാസത്തോടെ ചെയ്യുകയായിരുന്നു. 

പഞ്ചവര്‍ണ തത്ത 

എട്ടുവര്‍ഷം മുമ്പ്  എന്‍റെ  സ്‌കിറ്റ് കണ്ട മണിയന്‍പിള്ള രാജുവാണ്  നിനക്ക് ഒരു സിനിമ ചെയ്തൂടേയെന്ന് ചോദിച്ചത്. അതിനുള്ള ആത്മവിശ്വാസം വന്നിട്ടില്ലെന്നാണ് അന്ന് ഞാന്‍ മറുപടി നൽകിയത്. എന്നാൽ സിനിമ ചെയ്യണമെന്ന് തോന്നുമ്പോൾ ആദ്യം എന്നെ അറിയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. 

സിനിമ ചെയ്യാനുള്ള ആത്മവിശ്വാസമൊക്കെ വന്നപ്പോൾ  അദ്ദേഹത്തെ വിളിച്ചു കഥ പറഞ്ഞു. അദ്ദേഹം അപ്പോള്‍ തന്നെ ഈ സിനിമ നിര്‍മിക്കാമെന്നേറ്റു. അങ്ങനെയാണ്  സിനിമ സംഭവിക്കുന്നത്. ഞാനും ഹരി പി നായരും ചേര്‍ന്നാണ് ഈ തിരക്കഥ എഴുതിയത്. രണ്ടുപേരും ചേര്‍ന്ന് ആലോചിച്ചാണ് കഥ വികസിപ്പിച്ചത്. 

സംവിധായകന്‍റെ വെല്ലുവിളികള്‍

 എന്‍റെ സിനിമയിൽ പ്രേക്ഷകര്‍ ഒരുപാട് തമാശ പ്രതീക്ഷിക്കും. എന്നാൽ തമാശ കൂടിയാൽ മുഴുവൻ മിമിക്രിയായെന്ന് പറയുകയും ചെയ്യും. അതു കൊണ്ട് തന്നെ അതൊരു വെല്ലുവിളിയായിരുന്നു. അതിനമാൽ തന്നെ കൃത്യമായ തമാശകൾ മതി സിനിമയിലെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

ജയറാമിന്‍റെ കഥാപാത്രം

ജയറാമിന്‍റെയും കുഞ്ചാക്കോ ബോബന്‍റെയും കഥാപാത്രമാണ് ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് നയിക്കുന്നത്. ജയറാം 30 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടക്ക് ഇത്തരം കഥാപാത്രം ചെയ്തിട്ടില്ല. ചെവിയൊക്കെ വലുതായി കുടുവയറൊക്കെയുള്ള പക്ഷികളേയും മൃഗങ്ങളേയുമൊക്കെ വളര്‍ത്തുന്ന ഒരാള്‍.
ജയറാമിനോടൊപ്പം ഒരുപാട് സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള പരിചയവും കൊണ്ടാണ് കഥാപാത്രത്തെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. 

പഞ്ചവര്‍ണ തത്തയിലും ധര്‍മജന്‍- പിഷാരടി കൂട്ടുക്കെട്ട്

ഞാനും ധര്‍മ്മജനും ഒന്നിച്ച് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായി. ഇതുവരെ സ്റ്റേജില്‍ ചെയ്ത കാര്യങ്ങൾ സിനിമയിലേക്ക് കൊണ്ടുവന്നിട്ടില്ല. ചെറിയ വേഷമായിരുന്നുവെങ്കിലും ധർമജന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു. 

ചിത്രത്തിൽ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രാധാന്യം 

പക്ഷികളെയും മൃഗങ്ങളേയുമൊക്കെ വളര്‍ത്തുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ് ജയറാം ചിത്രത്തില്‍  വേഷമിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ  മൃഗങ്ങളും പക്ഷികളും ചിത്രത്തിന്‍റെ പ്രധാന ഘടകങ്ങളാണ്. അതിനായി കുറേ ജീവികളെ വാങ്ങിയിരുന്നു.  ഒട്ടകത്തിനെ രാജസ്ഥാനില്‍ നിന്നാണ് വാങ്ങിയതാണ്.  

ഈ ജീവികളെ വാങ്ങിയാൽ മാത്രം പോര നന്നായി പരിചരിക്കുക കൂടി വേണം. അതിന് നിയമങ്ങളുമുണ്ട്. നിയമം ഉള്ളത് കൊണ്ട് മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും നാം എപ്പോഴും നന്നായി തന്നെയാണ് പരിചരിക്കേണ്ടത്. 


കുഞ്ചാക്കോ ബോബനും ജയറാമിനും ഒരുക്കിയതിനേക്കാൾ മികച്ച സൗകര്യമാണ് ഓരോ ജീവികൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. തീറ്റയുടെ കാര്യങ്ങളും പരിചരണത്തിനായി ലൊക്കേഷനില്‍ മൃഗ ഡോക്ടറുടെ സാന്നിധ്യവും ഉറപ്പ് വരുത്തിയിരുന്നു. 

നേരത്തെ തന്നെ മൃഗങ്ങളും പക്ഷികളൊക്കെയായിട്ട് നല്ല അടുപ്പമാണ്. അതുകൊണ്ട് തന്നെ ജീവികളെ കൊണ്ട് അത്ര വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല. ചിത്രീകരണ സമയത്ത് സാധാരണ ഷൂട്ടിങ് കാണാന്‍ വരുന്നതിനെക്കാള്‍ കൂടുതൽ പേരാണ് മൃഗങ്ങളെ വച്ചുള്ള ഷൂട്ടിങ് കാണാന്‍ വന്നത്. ആളുകള്‍ക്ക് ഫോട്ടോയും വീഡിയോയുമെടുക്കണം. എന്നാൽ ആളുകള്‍ കൂടിയാൽ പ്രശ്നവുമാണ്. പട്ടികളൊയൊക്കെ ലൊക്കേഷനില്‍ അഴിച്ച് വിട്ടതിനാൽ അത് ആരെയും ഉപദ്രവിക്കാതെ നോക്കേണ്ടതുണ്ടായിരുന്നു. 

ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലുണ്ടായ രസകരമായ അനുഭവങ്ങള്‍

ജയറാമിന്‍റെ കഥാപാത്രത്തിനായി വലിയ ചെവി ഒട്ടിച്ച് വച്ചതായിരുന്നു. ഒരിക്കല്‍ ഒട്ടിച്ച് പറിച്ച് കഴിഞ്ഞാല്‍ വീണ്ടും ഒട്ടിക്കണമെങ്കില്‍ രണ്ടുമണിക്കൂറില്‍ കൂടുതൽ സമയമെടുക്കും. ജയറാമിന്‍റെ തോളില്‍ തത്തയെ വച്ചുകൊണ്ടുള്ള ഒരു ഷോട്ട് ഉണ്ട്. ആക്ഷന്‍ എന്ന് പറയുന്നതിന് തൊട്ടുമുന്‍പ് തത്ത ജയറാമിന്‍റെ ചെവി കൊത്തിയെടുത്തു. പിന്നീട് രണ്ട് മണിക്കൂര്‍ അതിന് വേണ്ടി കാത്തിരുന്നു. 

സംവിധാന രംഗത്ത് തുടരും

അങ്ങിനെയാന്നുമില്ല, എല്ലാ രംഗത്തും പ്രതീക്ഷിക്കാം. പക്ഷേ ഏത് തരം സിനിമ ചെയ്യുമെന്നൊന്നും എനിക്ക് പറയാന്‍ കഴിയില്ല. കഥ എഴുതി കഴിയുമ്പോള്‍ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കുകയുള്ളു. പ്രായഭേദമന്യേ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.  ഇപ്പോഴും ടിവിയില്‍ പരിപാടി 
അവതരിപ്പിക്കുന്നുണ്ട്. പക്ഷേ വളരെ കുറവാണ്. പ്രേക്ഷകര്‍ എന്നോട് എന്നും കാണാറുണ്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞാന്‍ ആഴ്ചയില്‍ ഒരു എപ്പിസോഡ് മാത്രമേ ചെയ്യുന്നുള്ളു. 


 

Tags:    
News Summary - Interview With ramesh pisharady-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.