ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ഏകദിന സാഹിത്യ ചർച്ചയിൽ പങ്കെടുത്തവർ
ബംഗളൂരു: പ്രവാസ സാഹിത്യ മേഖലയിലെ എഴുത്തുകാരുടെ കൃതികളുടെ ആസ്വാദനവുമായി ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച ഏകദിന ചർച്ച സാഹിത്യ വിരുന്നായി. ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടന്ന പരിപാടിയിൽ സതീഷ് തോട്ടശ്ശേരിയുടെ അനുഭവ നർമ നക്ഷത്രങ്ങൾ (കഥ), രമ പ്രസന്ന പിഷാരടിയുടെ ശരത്കാലം (കവിത), വിഷ്ണുമംഗലം കുമാറിന്റെ സ്നേഹസാന്ദ്രം രവിനിവേശം (നോവൽ), സി.ഡി. ഗബ്രിയേലിന്റെ അഭയം (നാടകം), രവികുമാർ തിരുമലയുടെ ആത്മസഞ്ചാരങ്ങൾ (അഭിമുഖം) എന്നീ കൃതികളെക്കുറിച്ച് ചർച്ച ചെയ്തു.
പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. മനുഷ്യത്വം, മാനവികത, സൗഹൃദം, ബന്ധങ്ങൾ എന്നിവ നഷ്ടപ്പെടുന്ന കാലത്ത് അവയുടെ മൂല്യം തിരിച്ചുപിടിക്കാൻ ആവശ്യപ്പെടുന്ന കഥാതന്തുവാണ് സ്നേഹസാന്ദ്രം രവിനിവേശം എന്ന നോവലിന്റേതെന്ന് ഷൈനി അജിത് പറഞ്ഞു.കലാകാരന്മാരും സാഹിത്യകാരന്മാരും ദന്തഗോപുരങ്ങളിൽനിന്നിറങ്ങിവരേണ്ട കാലമാണിതെന്ന് 'ആത്മസഞ്ചാരങ്ങൾ' കൃതിയുടെ ആസ്വാദനം നിർവഹിച്ച മെന്റോ ഐസക് ഓർമപ്പെടുത്തി.
സാമൂഹിക നിരീക്ഷണത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അഭിമുഖങ്ങളുടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈകാരികതയുടെ പ്രവാഹഗമനങ്ങളാണ് രമ പ്രസന്ന പിഷാരടിക്ക് കവിതകളെന്നും നിരീക്ഷണങ്ങളെ മനോഹരമായി പകർത്താൻ കവിതകളിൽ അവർക്കായിട്ടുണ്ടെന്നും 'ശരത്കാലം' കവിത സമാഹാരത്തെക്കുറിച്ച് സതീഷ് തോട്ടശ്ശേരി അഭിപ്രായപ്പെട്ടു. പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ചിത്രങ്ങളാണ് 'അനുഭവ നർമ നക്ഷത്രങ്ങൾ' എന്ന കൃതി പകരുന്നതെന്നും പല കഥാപാത്രങ്ങളും സ്വന്തം തട്ടകത്തിൽ ഒതുങ്ങുന്നവരെങ്കിൽ അവർ സാർവജനീനമായിരിക്കുന്നുവെന്നും ഇന്ദിര ബാലൻ പറഞ്ഞു.
നാടകത്തിന്റെ സുവർണ കാലമിതല്ലെങ്കിലും ഒന്നര പതിറ്റാണ്ടുമുമ്പ് ഗബ്രിയേൽ എഴുതിയ നാടകങ്ങളുടെ സാമൂഹിക പ്രസക്തി ഇന്നും നിലനിൽക്കുന്നുവെന്ന് 'അഭയം' കൃതിയുടെ ആസ്വാദനം നിർവഹിച്ച ഫ്രാൻസിസ് ആന്റണി പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെയുള്ള ഒറ്ററയാൾപോരാട്ടമാണ് ഗ്രന്ഥകാരൻ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ടി.എം. ശ്രീധരൻ, ആർ.വി. ആചാരി, പൊന്നമ്മ ദാസ്, വർഗീസ്, സി.ഡി. തോമസ്, സുദേവ് പുത്തൻചിറ, കെ.വി.പി. സുലൈമാൻ, അർച്ചന സുനിൽ, എം.ബി. മോഹൻദാസ്, അനിൽ മിത്രാനന്ദപുരം, തങ്കച്ചൻ പന്തളം, മുഹമ്മദ് കുനിങ്ങാട് എന്നിവർക്കുപുറമെ പുസ്തക രചയിതാക്കളും സംസാരിച്ചു. ഗ്രാന്മ ആൻഡ് ഓസ്റ്റിൻസ് പ്ലാന്റ് കിങ്ഡം എന്ന പുസ്തകമെഴുതിയ ഓസ്റ്റിൻ അജിത് എന്ന എട്ടു വയസ്സുകാരനെ വേദിയിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.