മംഗളൂരു: ഉഡുപ്പി -ചിക്കമംഗളൂരു ലോക്സഭ മണ്ഡലത്തിൽ വരുന്ന തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായി താൻ തന്നെ ഉറപ്പായും മത്സരിക്കുമെന്ന് കേന്ദ്ര കൃഷി -കർഷക ക്ഷേമ സഹമന്ത്രി ശോഭ കാറന്ത്ലാജെ പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിലെ കിഡുവിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നീരസം രാഷ്ട്രീയത്തിൽ പൊതുവേ ഉള്ളതാണ്.സ്ഥാനാർഥി മോഹികളും ഉണ്ടാവും.ഇതെല്ലാം തെരഞ്ഞെടുപ്പ് കാല പ്രതിഭാസങ്ങൾ മാത്രം.തന്റെ സ്ഥാനാർഥിത്വത്തെ അതൊന്നും സ്പർശിക്കില്ലെന്ന് അവർ പറഞ്ഞു.
ഉഡുപ്പി-ചിക്കമഗളൂരു മണ്ഡലത്തിൽ ശോഭയെ മൂന്നാമതും സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ ഞായറാഴ്ച ചിക്കമഗളൂരു പാർട്ടി ഓഫീസ് ഉപരോധിച്ചിരുന്നു. മുൻ ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര എംഎൽഎ, പാർട്ടി സംസ്ഥാന വക്താവ് ഭാനു പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം.ജില്ല പ്രസിഡന്റ് ദേവരാജ് ഷെട്ടിയും മറ്റു നേതാക്കളും എത്ര ശ്രമിച്ചിട്ടും പ്രവർത്തകർ അടങ്ങിയിരുന്നില്ല.10 വർഷം മണ്ഡലം അവഗണിച്ച ശോഭ കാറന്ത്ലാജെയെ ഇനിയും അടിച്ചേല്പിക്കരുതെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന് കട്ടായം പറഞ്ഞ പ്രവർത്തകരിൽ നിന്ന് തടിയൂരി മടങ്ങുകയായിരുന്നു നേതാക്കൾ.
ചിക്കമഗളൂരുവിൽ മന്ത്രിക്കെതിരെ പോസ്റ്ററുകൾ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം തുടരുന്നുണ്ട്.ഉഡുപ്പിയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത മോട്ടോർ സൈക്കിൾ റാലിയിലൂടേയും മന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പ്രമോദ് മധ്വരാജ് ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധനായി കരുക്കൾ നീക്കുന്നതിന്റെ ഭാഗമാണിതെന്ന് നിരീക്ഷണമുണ്ട്.ഒന്നാം സിദ്ധാരാമയ്യ മന്ത്രിസഭയിൽ ഫിഷറീസ് -യുവജന മന്ത്രിയായിരുന്നു അദ്ദേഹം.2018ൽ ഉഡുപ്പി മണ്ഡലത്തിൽ ബിജെപിയുടെ കെ.രഘുപതി ഭട്ടിനോട് 2000 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിൽ കോൺഗ്രസ് സഖ്യത്തിൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.എതിരാളി ശോഭ കാറന്ത്ലാജെ 718915 വോട്ടുകൾ നേടി വിജയിച്ചു.പ്രമോദിന് 369317 വോട്ടുകളാണ് ലഭിച്ചത്.2022 മേയിൽ ബിജെപിയിൽ ചേർന്നു.മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള നേതാവാണ് മധ്വരാജ്.
ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂരിലെ ഗൗഡ കുടുംബാംഗമാണ് ശോഭ കാറന്ത്ലാജെ. മുൻ മുഖ്യമന്ത്രിയും ബിജെപി കേന്ദ്ര പാർലമെന്ററി കാര്യ സമിതി അംഗവുമായ ബി.എസ്.യദ്യൂരപ്പയാണ് ശോഭ കാറന്ത്ലാജെയുടെ രാഷ്ട്രീയ ഗുരു. ശോഭ ഇത്തവണയും സ്ഥാനാർഥിയാവുമെന്ന് യദ്യൂരപ്പ പറഞ്ഞിരുന്നു. ഈ ബലത്തിലാണ് കേന്ദ്ര മന്ത്രിയുടെ നീക്കമെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.