വന്ദേമാതരം: ഉത്തരവിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി
ബംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾ ഒഴികെ ദേശീയ ഗീതമായ 'വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ സംസ്ഥാന പരിപാടികളിൽ ആലപിക്കാൻ പാടുള്ളൂ എന്ന സെപ്റ്റംബർ എട്ടിലെ സംസ്ഥാന സർക്കാറിന്റെ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു.
അഭിഭാഷകൻ ഗിരീഷ് ഭരദ്വാജ് അഭിഭാഷകൻ അംഗദ് കാമത്ത് മുഖേനയാണ് ഹരജി നല്‍കിയത്. 2026 ആഗസ്റ്റ് ആറിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച നിയമത്തിന് വിരുദ്ധമാണ് സംസ്ഥാന ഉത്തരവ് എന്ന് ഹരജിയിൽ വാദിക്കുന്നു. മന്ത്രിസഭാ തീരുമാനം എടുത്ത രീതിയെയും ഹരജി ചോദ്യം ചെയ്യുന്നു.
മന്ത്രിസഭാ യോഗത്തിൽ ഒരു 'അനൗപചാരിക ചർച്ച' എന്ന നിലയിലാണ് ഈ വിഷയം തീരുമാനിച്ചതെന്നും നിയമ വകുപ്പിന്റെ ഉപദേശം കൂടാതെയാണ് തീരുമാനമെടുത്തതെന്നും ഹരജിയിൽ ആരോപിക്കുന്നു.
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും എല്ലാ അവസരങ്ങളിലും ആലപിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ജൂലൈ ഒമ്പതിന് ലഭിച്ച കത്ത് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
കർണാടക സർക്കാറിന്റെ എല്ലാ പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ആലപിക്കണമെന്ന് നിർദേശിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.