പുലിയാക്രമണം നടന്ന സ്ഥലം
മൈസൂരു: എം.എം ഹിൽസ് മാലെ മഹാദേശ്വര കുന്നുകളിലെ മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്കുള്ള വനപ്രദേശത്ത് ഇന്ദിഗനാഥ ഗ്രാമത്തിനും നാഗമലക്കും ഇടയിൽ ഞായറാഴ്ച പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ബംഗളൂരുവിൽ നിന്നുള്ള 10 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടു . ഭക്തർ പതിവായി നടന്നുപോവാൻ ഈ വഴിയാണ് ഉപയോഗിക്കുന്നത്. മാതാപിതാക്കൾക്കും ഒരു കൂട്ടം ഭക്തർക്കുമൊപ്പം കുന്നിൻ മുകളിലേക്ക് പോവുന്നതിനിടെയാണ് സംഭവം.
സംഘം കടന്നുപോകുന്നതിനിടെ പുള്ളിപ്പുലി കുട്ടിയെ ആക്രമിച്ചു. മാതാപിതാക്കളും മറ്റ് ഭക്തരും തീവ്രശ്രമം നടത്തിയിട്ടും പുള്ളിപ്പുലി കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വനത്തിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുലി കുട്ടിയെ ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എം.എം ഹിൽസിൽ നിന്നുള്ള മുതിർന്ന വനം ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പെട്ട വഴികൾ ഒഴിവാക്കണമെന്നും വനം വകുപ്പ് പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഭക്തരോട് അധികൃതർ അഭ്യർത്ഥിച്ചു. ഈ വർഷം ആദ്യം, മാണ്ഡ്യയിൽ നിന്നുള്ള ഒരാെള തലുബെട്ടക്ക് സമീപം സമാനമായ ഒരു ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ നടന്ന മറ്റൊരു സംഭവത്തിൽ ചന്നപട്ടണയിൽ നിന്നുള്ള ആൺകുട്ടി ഇതേ വഴിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.