കോൺഗ്രസ് പെട്രോൾ പമ്പുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു
ബംഗളൂരു: പെട്രോളിൽ നിശ്ചിത 20 ശതമാനത്തിന് മുകളിൽ എഥനോൾ കലർത്തുന്നു എന്നാരോപിച്ച് കോൺഗ്രസ് തിങ്കളാഴ്ച ബംഗളൂരുവിലുടനീളമുള്ള നിരവധി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സർക്കാർ എഥനോൾ കലർത്തൽ പദ്ധതി ഉടനടി നിർത്തിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി നേതാവ് എസ്. മനോഹറിന്റെ നേതൃത്വത്തിൽ നെഹ്റു സർക്കിളിലും മല്ലേശ്വരത്തെ മന്ത്രി മാളിന് മുന്നിലും ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രവർത്തകർ ധർണ നടത്തി.
അമിത അളവിൽ എഥനോൾ കലർത്തുന്നതിനെക്കുറിച്ച് വാഹനയാത്രക്കാരെ ബോധവത്കരിക്കുന്ന പോസ്റ്ററുകൾ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി. ‘ഇ 20’ എന്ന പേരിൽ വിൽക്കുന്നത് യഥാർഥത്തിൽ ‘ഇ 40’ ആണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കർണാടക സർക്കാർ പരിശോധിച്ച പെട്രോൾ സാമ്പിളുകളിൽ 21 മുതൽ 30 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നും ചിലതിൽ 35 ശതമാനത്തിന് മുകളിലാണെന്നും ഇവർ അവകാശപ്പെട്ടു. ലാബ് പരിശോധനാ ഫലങ്ങൾ അമിത അളവിലുള്ള എഥനോൾ കലർത്തൽ പുറത്തുകൊണ്ടുവന്നുവെന്നും കോൺഗ്രസ് ഈ വിഷയം ഏറെ നാളായി ഉന്നയിക്കുകയാണെന്നും മനോഹർ പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത് പിൻവലിക്കണമെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എഥനോൾ കലർത്തുന്നത് 20 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുള്ള ഇന്ധനം മാത്രമേ വാഹനയാത്രക്കാർക്ക് നൽകാവൂ എന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നരേന്ദ്ര മോദി സർക്കാർ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വിഷയത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമെന്ന് മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കി. എന്നാൽ വിലക്കയറ്റത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് എഥനോൾ വിഷയം ഉയർത്തുന്നതെന്ന് ബി.ജെ.പി എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ ആരോപിച്ചു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന വാദങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.