ദേശീയ സൗഹാർദ കോൺക്ലേവ് ഇന്ന്; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും
ബംഗളൂരു: സമാധാനം, മതസൗഹാർദം, സാഹോദര്യം, ദേശീയ ഐക്യം എന്നിവ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മഅ്ദിൻ അക്കാദമിയും ഇന്റർനാഷനൽ ഇന്തർഫെയ്ത്ത് ഹാർമണി ഇനീഷ്യേറ്റീവും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനൽ ഹാർമണി കോൺക്ലേവ് വ്യാഴാഴ്ച വൈകീട്ട് ഏഴിന് കോൺറാഡ് ഹോട്ടലിൽ നടക്കും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം നിര്‍വഹിക്കും. മഅ്ദിൻ അക്കാദമി സ്ഥാപകനും ചെയർമാനും ഇന്റർനാഷനൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനീഷ്യേറ്റീവ് സ്ഥാപകനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിക്കും.
മഅ്ദിൻ അക്കാദമിയുടെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ വിവിധ മതവിഭാഗങ്ങളിലെ ആത്മീയ നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും. ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠാധിപതി ജഗദ്ഗുരു ശ്രീ ശ്രീ ശ്രീ ഡോ. നിർമലാനന്ദനാഥ മഹാസ്വാമിജി, ബംഗളൂരു ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. പീറ്റർ മച്ചാഡോ, ബംഗളൂരു ശ്രീ ഗുരു സിങ് സഭ ഗുരുദ്വാര മുഖ്യ ഗ്രന്ഥി ഗ്യാനി സത്പാൽ സിങ് തുടങ്ങിയ പ്രമുഖ ആത്മീയ നേതാക്കൾ പങ്കെടുക്കും.
കർണാടക ന്യൂനപക്ഷകാര്യ മന്ത്രി യു.ടി. ഖാദർ, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കർണാടക ഊർജ-ടൂറിസം മന്ത്രി കെ.ജെ. ജോർജ്, ഭവന നിർമാണ മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി റിസ്വാൻ അർഷാദ്, പാർലമെന്റ് അംഗങ്ങളായ ഡോ. സയ്യിദ് നാസിർ ഹുസൈൻ, മൻസൂർ അലി ഖാൻ, ബംഗളൂരു വികസന അതോറിറ്റി ചെയർമാനും എം.എൽ.എയുമായ എൻ.എ. ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ വൈവിധ്യം അടുത്തറിയുന്നതിനും ദേശീയ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച 37,730 കിലോമീറ്റർ ഖോജ് സഫർ ദേശീയ പൈതൃക യാത്രയുടെ സമാപനം കൂടിയാണ് കോൺക്ലേവ്.
വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് മതനേതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സാമൂഹിക-സാംസ്കാരിക സംഘടനകളുമായും സംവദിച്ച യാത്രയുടെ പ്രധാന അനുഭവങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ദൃശ്യാവിഷ്കാരവും പരിപാടിയിൽ അവതരിപ്പിക്കും. സംരംഭകത്വം, സാമൂഹിക പ്രതിബദ്ധത, സമൂഹക്ഷേമ പ്രവർത്തനങ്ങൾ എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് എ.പി.സി.ഒ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി. അബ്ദുൽ കരീം ഹാജിക്ക് ഹാർമണി അവാർഡ് സമ്മാനിക്കും. വ്യവസായ രംഗത്തെ ഉത്തരവാദിത്വപൂർണമായ നേതൃത്വം, സാമൂഹിക സൗഹാർദത്തിനും പൊതുനന്മക്കും നൽകുന്ന സംഭാവനകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.