മന്ത്രി റിസ്വാൻ അർഷാദ് വാർത്ത സമ്മേളനത്തിൽ
അളവില്‍ കൂടുതല്‍ എഥനോൾ വാദത്തിൽ ഉറച്ചുനിൽക്കും -കർണാടക മന്ത്രി
ബംഗളൂരു: എണ്ണ വിപണന കമ്പനികൾ (ഒ.എം.സി) പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുണ്ടെന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് കർണാടക ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി മന്ത്രി റിസ്വാൻ അർഷാദ് തിങ്കളാഴ്ച പറഞ്ഞു. ഏഴ് ജില്ലകളിൽ നിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ പരിശോധിച്ചതിൽ മിക്കയിടത്തും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ മിശ്രിതം കണ്ടെത്തിയതായും ചില സാമ്പിളുകളിൽ 31.2 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കമ്പനികൾ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പെട്രോളില്‍ 20 ശതമാനം എഥനോൾ മാത്രമേ കലർത്തൂ എന്ന കേന്ദ്ര സർക്കാർ നയത്തിന് വിരുദ്ധമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചിത സാമ്പിൾ ശേഖരണ-പരിശോധനാ രീതികളാണ് സംസ്ഥാന സർക്കാർ പിന്തുടർന്നതെന്ന് വ്യക്തമാക്കിയ മന്ത്രി സംസ്ഥാനത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽനിന്ന് ശേഖരിച്ച 63 സാമ്പിളുകളിലെ യഥാർഥ എഥനോൾ അളവ് വ്യക്തമാക്കാൻ എണ്ണക്കമ്പനികളെ വെല്ലുവിളിച്ചു.
വാഹനങ്ങളുടെ അനുയോജ്യത അനുസരിച്ച് ഇ 10, ഇ 20, ഇ 30, പരിശുദ്ധമായ പെട്രോൾ എന്നിവ വാങ്ങാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അളവില്‍ കൂടുതല്‍ എഥനോൾ കലര്‍ത്തിയ പെട്രോള്‍ വാഹനങ്ങളുടെ എൻജിനുകൾക്ക് ഗുരുതര കേടുപാടുകൾ വരുത്തുകയും സാധാരണക്കാരുടെ മേൽ അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുകയും ചെയ്യും. ചില പെട്രോൾ ഔട്ട്ലെറ്റുകളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകാം എന്ന എണ്ണക്കമ്പനികളുടെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. എഥനോൾ മിശ്രിതം ചേർക്കുന്നത് പെട്രോളിയം ഡീലർമാരല്ലെന്നും ടെർമിനലുകളിൽ നടക്കുന്ന നിയന്ത്രിതവും ഓട്ടോമേറ്റഡുമായ ഒരു പ്രക്രിയയാണെന്നും പറഞ്ഞു. എഥനോള്‍ മിശ്രിതം കലര്‍ത്തുന്നതില്‍ പെട്രോൾ പമ്പ് ഉടമകൾക്കോ ഡീലർമാർക്കോ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പിൾ ശേഖരണ രീതിയെയും സാമ്പിളുകൾ പരിശോധിച്ച ലബോറട്ടറിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്ത് കമ്പനികൾ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. 2005ലെ മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡിസൽ ഓര്‍ഡര്‍ പ്രകാരമാണ് സാമ്പിളുകൾ ശേഖരിച്ചത്. സംസ്ഥാന സർക്കാർ ആദ്യം സമീപിച്ചപ്പോൾ കമ്പനികൾ വ്യക്തമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് എന്‍.എ.ബി.എല്‍ അംഗീകാരവും ഐ.എസ്.ഒ സർട്ടിഫിക്കേഷനുമുള്ള തേർഡ് പാർട്ടി ലബോറട്ടറിയിൽ സാമ്പിളുകൾ പരിശോധിച്ചതെന്ന് പറഞ്ഞു. സെപ്റ്റംബർ 21 മുതൽ സംസ്ഥാനം 63 സാമ്പിളുകൾ ശേഖരിച്ച് വിവിധ എണ്ണ വിപണന കമ്പനികൾക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും സാമ്പിളുകളിലെ എഥനോൾ മിശ്രിതത്തിന്റെ കൃത്യമായ ശതമാനം നൽകുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
എണ്ണ വിപണന കമ്പനികൾ കഴിഞ്ഞ വർഷം 77,000 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയതായി മന്ത്രി ചൂണ്ടിക്കാണിച്ചു. എഥനോൾ കലർത്തുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുന്നില്ലെന്നും വാഹനത്തിന്റെ ആവശ്യകത അടിസ്ഥാനമാക്കി ഇന്ധനം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കണം.
ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തിന്റെ ഉത്തരവാദിത്തം എണ്ണ വിപണന കമ്പനികൾ ഏറ്റെടുക്കണം. എണ്ണക്കമ്പനികളുടെ സ്വയം സാക്ഷ്യപ്പെടുത്തലല്ല സ്വതന്ത്ര പരിശോധനയാണ് ആവശ്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ സംസ്ഥാന സർക്കാറുകളും എഥനോൾ പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നുവെന്നും കൂടാതെ അംഗീകൃത മൂന്നാം കക്ഷി ഏജൻസികൾ മുഖേന കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി പരിശോധന ആരംഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി തുടർന്നും പോരാടുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.