ധർമസ്ഥല സൗജന്യ വധക്കേസിൽ സി.ബി.ഐക്കും കർണാടക സർക്കാറിനും സുപ്രീംകോടതി നോട്ടിസ്

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലയിൽ പി.യു കോളജ് വിദ്യാർഥിനി സൗജന്യയെ (17) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കർണാടക സർക്കാറിനും കേസ് അന്വേഷിച്ച സി.ബി.ഐക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. 2012 ഒക്ടോബറിലാണ് സൗജന്യ കൊല്ലപ്പെട്ടത്.സൗജന്യയുടെ മാതാവ് കുസുമാവതി സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ധർമസ്ഥല ഗ്രാമത്തിലെ പങ്കളയിൽ താമസിച്ചിരുന്ന ഉജിരെയിലെ എസ്.ഡി.എം കോളേജ് വിദ്യാർഥിനിയായിരുന്നു സൗജന്യ. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം മന്നസങ്കയിൽ നിന്ന് അടുത്ത ദിവസം കണ്ടെത്തി.

ക്രൂരമായ ലൈംഗിഗകാതിക്രമത്തിന് വിധേയമായതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. ആദ്യം ബെൽത്തങ്ങാടി പൊലീസും പിന്നീട് സി.ഐ.ഡിയും അന്വേഷിച്ച കേസ് ഒടുവിൽ സി.ബി.ഐക്ക് കൈമാറി. അന്വേഷണത്തിനിടെ കാർക്കളയിൽ നിന്നുള്ള സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നീണ്ട നിയമപോരാട്ടത്തിന് ശേഷം തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി സന്തോഷ് റാവുവിനെ കുറ്റവിമുക്തനാക്കി. പ്രധാന ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ കാര്യമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പറയുന്നതിനിടെ പ്രത്യേക കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹീനമായ കുറ്റകൃത്യത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികളെ തിരിച്ചറിയുന്നതിൽ അന്വേഷണ സംഘങ്ങൾ പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

അന്വേഷണ പരാജയങ്ങളെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കുസുമാവതി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കൂടുതൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകളുടെയും അപ്പീലിൽ പരാമർശിച്ചിരിക്കുന്ന അടിസ്ഥാനങ്ങളുടെയും വിശദാംശങ്ങൾ പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ നിലയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏജൻസിയോട് നിർദേശിച്ചുകൊണ്ട് സുപ്രീം കോടതി ബെഞ്ച് സി.ബി.ഐക്കും കർണാടക സർക്കാറിനും നോട്ടീസ് അയച്ചു. നീതിക്കുവേണ്ടിയുള്ള കുടുംബത്തിന്റെ ഒരു ദശാബ്ദത്തിലേറെ നീണ്ട നിരന്തര പോരാട്ടം രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലിലൂടെ വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

Tags:    
News Summary - Supreme Court issues notice to CBI and Karnataka government in Dharmasthala soujanya murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.