ബംഗളൂരു: സാമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗം എന്നിവയുടെ വിഡിയോകൾ അപ്‌ലോഡ് ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ.
വെള്ളിയാഴ്ച സംസ്ഥാന പൊലീസ് ഡയറക്ടർ ജനറല്‍ ഓഫിസിൽ നടന്ന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിൽപനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്കിലും ‘റൗഡി കൺട്രോൾ യൂനിറ്റുകൾ’ സ്ഥാപിക്കും. യൂനിറ്റിന്‍റെ രൂപവത്കരണം മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്തിമ രൂപം നൽകും. വലിയ ഉത്തരവാദിത്തമാണ് തന്‍റെ കൈകളില്‍ ഏൽപിച്ചിരിക്കുന്നത്.
വകുപ്പിനെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ തനിക്ക് ലഭിച്ചു. ജി. പരമേശ്വരയുടെ കാലത്ത് നടപ്പാക്കിയ ഏതൊക്കെ പദ്ധതികളാണ് തുടരാൻ കഴിയുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണ്.
നിയമം ലംഘിക്കുന്നവർ എത്ര സ്വാധീനമുള്ളവരായാലും നടപടി എടുക്കും. വി.ഐ.പികൾ സഞ്ചരിക്കുമ്പോൾ നടപ്പാക്കുന്ന സീറോ ട്രാഫിക് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയവും യോഗത്തിൽ ചർച്ച ചെയ്തു. ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.