മുംബൈ: ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ചലച്ചിത്രമേളയ്ക്ക് മുംബൈയിൽ തുടക്കമായി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് താക്കൂറും സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയും ചേർന്നാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ലോക സിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങളെ ആസ്വദിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനുമുള്ള അതുല്യമായ അവസരങ്ങളും അവിശ്വസനീയമായ സാധ്യതകളും ചലച്ചിത്ര നിർമാതാക്കൾക്ക് എസ്.സി.ഒ ചലച്ചിത്രമേള സമ്മാനിക്കുന്നതായി അനുരാഗ് സിങ് താക്കൂർ പറഞ്ഞു. ചലച്ചിത്ര നിർമ്മാണ പ്രതിഭകളുടെ അഭിനിവേശവും കഴിവും കൊണ്ട് ഇന്ത്യ, ലോകത്തിന്റെ ഉള്ളടക്ക- പോസ്റ്റ് പ്രൊഡക്ഷൻ ഹബ് ആയി മാറാൻ ഒരുങ്ങുകയാണ്.
ലോകമെമ്പാടുമുള്ള ചലച്ചിത്ര വ്യവസായങ്ങൾക്ക് വേദിയാകുന്നതിന് ക്രിയാത്മക മനസ്സുകൾ, സാങ്കേതിക കഴിവുകൾ, വിദഗ്ധരായ മനുഷ്യവിഭവശേഷി, കുറഞ്ഞ ചെലവ്, ലോകോത്തര പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ എന്നിവയുള്ള ഏറ്റവും വലിയ സമൂഹമാണ് ഇന്ത്യയിലുള്ളതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥിയായെത്തിയ ഹേമമാലിനിയെയും എസ്.സി.ഒ ഫിലിം ഫെസ്റ്റിവലിലെ ഏഴ് ജൂറി അംഗങ്ങളെയും സന്നിഹിതരായ ചലച്ചിത്ര രംഗത്തെ വിശിഷ്ട വ്യക്തികളെയും എസ്.സി.ഒ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
'ഭാരത് ഹേ ഹം' എന്ന ആനിമേറ്റഡ് സീരീസിന്റെ ട്രെയിലറും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.ഇന്ത്യയിലെ എസ്.സി.ഒ ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിൽ മത്സരവിഭാഗത്തിലും മത്സരേതര വിഭാഗത്തിലുമായി 14 രാജ്യങ്ങളിൽനിന്നുള്ള 58 സിനിമകൾ പ്രദർശിപ്പിക്കും. പ്രിയദർശൻ സംവിധാനം ചെയ്ത് ഉർവശി അഭിനയിച്ച തമിഴ് ചിത്രം "അപ്പത്ത" യുടെ പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ തുടങ്ങിയത്. ചിത്രത്തിന്റെ സ്ക്രീനിങ് വേളയിൽ ഇരുവരെയും അനുരാഗ് താക്കൂർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.