മൃതശരീരങ്ങൾക്കും വിലയിട്ട് റാക്കറ്റ്; ശ്മശാന ജീവനക്കാരടക്കം പിടിയിൽ
ബംഗളൂരു : ശ്മശാനത്തിൽ സംസ്കരിച്ചതിന് പിന്നാലെ മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് അനധികൃതമായി കടത്തുന്ന വൻ റാക്കറ്റ് റായ്ച്ചൂരിൽ പിടിയിലായി. റായ്ച്ചൂർ നഗരത്തിൽ മന്ത്രാലയം റോഡിലുള്ള ഹിന്ദു ശ്മശാന കേന്ദ്രം കേന്ദ്രീകരിച്ചാണ് അവയവ വ്യാപാര ഭീകരത. 200 മുതൽ 500 രൂപ വരെ മാത്രം വാങ്ങി ശ്മശാന ജീവനക്കാർ മൃതദേഹങ്ങൾ വിൽക്കുന്നതിന്റ് തെളിവുകൾ നാട്ടുകാർ പുറത്തുകൊണ്ടുവന്നു.
സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് അവയവങ്ങൾ വിൽക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ കാമറയിൽ പകർത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അതേപടിയും ശരീരഭാഗങ്ങളായും സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി ഉപയോഗിക്കാനാണ് കൈമാറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇടപാട് കൈയോടെ പിടികൂടിയ നാട്ടുകാർ സ്വകാര്യ മെഡിക്കൽ കോളജിലെയും ശ്മശാനത്തിലെയും ജീവനക്കാരെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചു. ശ്മശാന ജീവനക്കാരനായ വീരേഷും സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരായ രാജു, അപ്സർ എന്നിവരും മൃതദേഹങ്ങൾ അനധികൃതമായി കടത്തിയതായി പൊലീസിനോട് സമ്മതിച്ചു. നേതാജി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.