ന്യൂനപക്ഷ മെഡി.-എൻജി.വിദ്യാഭ്യാസത്തിനും തീരദേശ മേഖലക്കും പ്രതീക്ഷ

മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച കർണാടക നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ ബജറ്റ് നിർദേശങ്ങൾ തീരദേശത്തും മലനാട്ടിലും പ്രതീക്ഷ നൽകുന്നതാണെന്ന് നിരീക്ഷണം. ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളിലെ വിനോദ സഞ്ചാര വികസനത്തിന് കർമസമിതി, വ്യവസായ സംരംഭങ്ങളുടെ നടപടികൾ വേഗത്തിലാക്കാൻ ഏകജാലകം, അറിവ് പദ്ധതിയിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം, മത്സ്യത്തൊഴിലാളി മേഖലയിലെ ക്ഷേമപദ്ധതികൾ തുടങ്ങിയവയിലാണ് പ്രതീക്ഷ. അറിവ് പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ 28 കോഴ്സുകൾക്ക് വർഷത്തിൽ ലക്ഷം രൂപ രണ്ടു ശതമാനം പലിശ നിരക്കിൽ ലഭ്യമാവും. സി.ഇ.ടി കടമ്പ കടക്കുന്നവർക്കുള്ള ഈ ആനുകൂല്യം ന്യൂനപക്ഷ വിദ്യാർഥികൾക്കൊപ്പം മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ നടത്തുന്ന മെഡിക്കൽ, എൻജിനീയറിങ് സ്ഥാപനങ്ങളുടെ ഹബ് എന്ന നിലയിലും ദക്ഷിണ കന്നട ജില്ലയിൽ ഗുണം ചെയ്യും. 75 കോടിയാണ് ഈ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത്.ന്യൂനപക്ഷ വിദ്യാർഥികളുടെ ഇംഗ്ലീഷ്, കന്നട ഭാഷാ നൈപുണ്യ വികസനം ഉന്നമിട്ട് സ്ഥാപിക്കുന്ന മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളുകളും പ്രതീക്ഷ നൽകുന്നതാണ്. ന്യൂനപക്ഷ യുവജനങ്ങളുടെ നൈപുണ്യ വികസനത്തിന് അഞ്ച് ജില്ലകളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ ഒന്ന് ദക്ഷിണ കന്നടയിലാണ്.

മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള പലിശരഹിത വായ്പ അരലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തിയത് ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട തീരദേശ ജില്ലകളിൽ ഉണർവേകും. സബ്സിഡിയോടെയുള്ള ബോട്ട് ഡീസൽ ഒന്നര ലക്ഷം കിലോ ലിറ്ററിൽ നിന്ന് രണ്ട് ലക്ഷമായി ഉയർത്തിയതും കടലിന്റെ മക്കൾക്ക് ആശ്വാസ നടപടിയായി. 250 കോടി രൂപയാണ് ഇതിന് അധികം ആവശ്യം. മലനാടിനെയും തഴുകിയ ബജറ്റിൽ പട്ടുനൂൽ പുഴു കർഷകരെയും പരിഗണിച്ചു.

ചിക്കബെല്ലാപുരിനൊപ്പം കോലാറിലെയും കൊക്കൂൺ കർഷകർക്ക് സാന്ത്വനമായി 75 കോടി രൂപ ചെലവിൽ സിഡ് ലഘട്ടയിൽ കൊക്കൂൺ മാർക്കറ്റ് സ്ഥാപിക്കും എന്ന് ബജറ്റിൽ പറയുന്നു. ദക്ഷിണ കന്നട, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഉത്തര കന്നട, ഉഡുപ്പി ജില്ലകളിലെ കർഷകർക്ക് ആശ്വാസമായി കാർഷിക ആവശ്യങ്ങൾക്ക് നാലുചക്രവാഹനങ്ങൾ വാങ്ങാൻ ഏഴു ലക്ഷം രൂപ വരെ നാല് ശതമാനം പലിശക്ക് ലഭ്യമാക്കുന്നതാണ് മറ്റൊരു ആശ്വാസ പദ്ധതി. ക്രിസ്ത്യൻ വികസന കോർപറേഷന് വർഷം നൂറുകോടി രൂപ എന്ന ബജറ്റ് നിർദേശം മംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.സിയായിരുന്ന ഐവൻ ഡിസൂസയും മുൻ എം.എൽ.എ ജെ.ആർ. ലോബോയും നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ്.

കാട്ടാന ആക്രമണം തടയാൻ പ്രത്യേക കർമസേന മാണ്ഡ്യ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളെ മുന്നിൽ കണ്ടുള്ള ബജറ്റ് നിർദേശമാണ്.മംഗളൂരു നഗരത്തിലെ ചിരപുരാതന മസ്ജിദുമായി ബന്ധപ്പെട്ട വഖഫ് ഭൂമി കൈയേറ്റം, ദക്ഷിണ കന്നട ജില്ലയിൽ സമീപ കാലത്ത് സംഘ്പരിവാർ വഖഫ് രേഖകൾ ഉണ്ടായിട്ടും മസ്ജിദുകൾക്കുമേൽ അവകാശം സ്ഥാപിക്കാൻ നടത്തുന്ന നീക്കങ്ങൾ എന്നിവക്ക് പരിഹാരം പ്രതീക്ഷിക്കുന്ന നിർദേശവും ബജറ്റിൽ ഇടംനേടി. 40,000 വഖഫ് സ്വത്ത് സംരക്ഷണത്തിനും വികസനത്തിനും 50 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്.

Tags:    
News Summary - Prospect for Minority Med.-Eng.Education and Coastal Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.