ബംഗളൂരു: ദേശീയ ശാസ്ത്ര നാടകോത്സവം വ്യാഴം, വെള്ളി ദിവസങ്ങളിലായി ബംഗളൂരുവിൽ നടക്കും. ബംഗളൂരു കസ്തൂർബ റോഡിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിലാണ് പരിപാടി. ഡിസംബറിൽ ഇതേ വേദിയിൽ നടന്ന ദക്ഷിണേന്ത്യ ശാസ്ത്ര നാടകോത്സവത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കുക.
ദക്ഷിണേന്ത്യ മത്സരത്തിൽ വയനാട് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'പ്രയാണം' ഒന്നാം സ്ഥാനവും കർണാടക സിർസിയിലെ ശ്രീ മാരികമ്പ ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച 'ദ സ്റ്റോറി ഓഫ് വാക്സിൻ' രണ്ടാം സ്ഥാനവും നേടിയിരുന്നു.
ശാസ്ത്ര മുന്നേറ്റങ്ങളിലൂടെയുള്ള സഞ്ചാരമായാണ് 'പ്രയാണം' അരങ്ങിലെത്തുന്നത്. വൈറസ് കാലത്തെ ശാസ്ത്രം എങ്ങനെ നേരിട്ടുവെന്നതും മനുഷ്യകുലത്തിന്റെ നിലനിൽപിനായി ശാസ്ത്രം എങ്ങനെ ഇടപെടുന്നു എന്നുമുള്ള ഉണർത്തൽ കൂടിയായിരുന്നു ഈ നാടകം.
പത്മനാഭൻ ബ്ലാത്തൂരിന്റെ രചനയിൽ രാജേഷ് കീഴത്തൂരാണ് നാടകം അണിയിച്ചൊരുക്കിയത്. അർഷാദ് അൻവർ, സാരംഗ് ടി. രമേശ്, അലോണ മരിയ ബിനോയ്, ആൽഫ എലിസബത്ത് ബിനോയ്, ഗൗതം എസ്. കുമാർ, എസ്. സൂരജ് , എം.കെ. അഹല്യ, നിവേദ്യ ആർ. കൃഷ്ണ എന്നിവരാണ് വേഷമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.