രാപ്പകൽ കാപ്പിത്തോട്ടത്തിൽ ഒറ്റപ്പെട്ട് പിഞ്ചുകുഞ്ഞ്; ഒടുവിൽ രക്ഷകനായി ഓടിയെത്തിയത് ‘ഓറിയോ...’

മംഗളൂരു: കുടക് വീരാജ്പേട്ട കൊങ്കണ ഗ്രാമത്തിലെ കാപ്പി തോട്ടത്തിൽ രാപ്പകൽ ഒറ്റപ്പെട്ട പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അയൽവാസിയുടെ വളർത്തുനായ്. മാതാപിതാക്കളും നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും ചെന്നെത്താത്ത തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു മയങ്ങുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ച് എത്തുകയായിരുന്നു.

തോട്ടം തൊഴിലാളിയായ സുനിലിന്റെയും നാഗിനിയുടെയും മകളാണ് സുനന്യ. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞെത്തി മൊബൈലിൽ മുഴുകിപ്പോയ നാഗിനി ഇരുട്ടു വീണതും മകൾ അരികിൽനിന്ന് പോയതും അറിഞ്ഞില്ല. കുഞ്ഞിനെ കാൺമാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ സുനിൽ മകളെ തിരക്കിയിറങ്ങി.

photo: കാപ്പിത്തോട്ടത്തിൽ നടത്തിയ തിരച്ചിൽ

ഗ്രാമീണരും ഒപ്പം ചേർന്നു. പിന്നീട് വനപാലകരും സ്ഥലത്തെത്തി അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വളർത്തുനായ്ക്കളെ ഇറക്കിയത്. കാണാതായ കുഞ്ഞ് ഉപയോഗിച്ച ഉടുപ്പിന്റെ മണം പിടിച്ച് അവ കാപ്പിത്തോട്ടങ്ങളിൽ അലഞ്ഞു.

അനിൽ കലപ്പ എന്നയാളുടെ ‘ഓറിയോ’ എന്ന വളർത്തുനായ് ഒടുവിൽ കുഞ്ഞിനെ കണ്ടെത്തി. രാപ്പകലുകൾ തോട്ടത്തിൽ കഴിഞ്ഞതിന്റെ ക്ഷീണവും പരിഭ്രമവും കുട്ടിക്ക് ഉണ്ടായിരുന്നു. എന്നാൽ ദേഹത്ത് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്കുശേഷം സുനന്യ മാതാവിനരികിലെത്തുമ്പോൾ ഗ്രാമമൊന്നാകെ ‘ഓറിയോ’യെ വാരിപ്പുണരുകയായിരുന്നു...

Tags:    
News Summary - Missing baby found by pet dog at Kodagu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.