ഹജ്ജ് ലാൻഡ്
മംഗളൂരു: ഹജ്ജ് ഹൗസ് പണിയാൻ അനുവദിച്ച രണ്ട് ഏക്കറിൽ വകുപ്പ് മന്ത്രി റഹിം ഖാൻ നടത്തിയ സന്ദർശനം മംഗളൂരുവിന് വീണ്ടും എംബാർക്കേഷൻ പ്രതീക്ഷ നൽകുന്നു.
10 വർഷമായി കാടുകയറിക്കിടക്കുകയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള പരിസരത്തെ കെഞ്ചാറിലെ ഭൂമി. ഇവിടെ അടുത്ത ഹജ്ജ് സീസണാവുമ്പോഴേക്കും ഹജ്ജ് ഹൗസ് പണിയുമെന്നാണ് തിരുമെനെഹള്ളിയിൽ കർണാടകയിൽ നിന്നുള്ള അവസാന ബാച്ച് ഹജ്ജ് തീർഥാടകരുടെ യാത്രയയപ്പ് ചടങ്ങിൽ ന്യൂനപക്ഷക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ നടത്തിയ പ്രഖ്യാപനം.
2013ലാണ് സ്ഥലം അനുവദിച്ചത്. ചുറ്റുമതിൽ പണിത് കമ്പിവേലി കെട്ടാൻ മൂന്നര ലക്ഷം രൂപയുടെ പ്രത്യേക അനുമതിയും അന്നത്തെ വഖഫ് മന്ത്രി ഖമറുൽ ഇസ്ലാം നൽകിയിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമഗളൂരു, കുടക്, ശിവമൊഗ്ഗ, ഹാസൻ ജില്ലകളിലെ തീർഥാടകരുടെ എംബാർക്കേഷൻ സൗകര്യാർഥമായിരുന്നു ഹജ്ജ് ഹൗസ് ആസൂത്രണം ചെയ്തത്. എംബാർക്കേഷന്‍ ഏർപ്പെടുത്തിയ താൽക്കാലിക സംവിധാനങ്ങൾ പരിമിതമായിരുന്നു. എന്നാൽ, 2019 വരെ മംഗളൂരുവിൽ ഉണ്ടായിരുന്ന എംബാർക്കേഷൻ കോവിഡ് കാരണംപറഞ്ഞ് 2020ലും 21ലും നിർത്തലാക്കിയത് പിന്നീട് പുനഃസ്ഥാപിച്ചില്ല. മംഗളൂരുവിൽനിന്നുള്ള ജെ.ഡി.എസ് എം.എൽ.സി ബി.എം. ഫാറൂഖ് ഹജ്ജ് ഹൗസ് സൈറ്റ് സന്ദർശനവേളയിൽ മന്ത്രി റഹിം ഖാന് ഒപ്പമുണ്ടായിരുന്നു.
മന്ത്രി സമീർ അഹമ്മദ് ഖാൻ
ബംഗളൂരു: വരും വർഷങ്ങളിൽ മൂന്നോ നാലോ ജില്ലകളിൽ ഹജ്ജ് ഭവനുകൾ നിർമിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇവയിലൊന്ന് മംഗളൂരുവിൽ സ്ഥാപിക്കുമെന്നും സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് യാത്രികർക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് ഭവനുകൾ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം തിരുമനഹള്ളിയിലെ ഹജ്ജ് ഭവനിൽ കർണാടകയിൽനിന്നുള്ള ഈ വർഷത്തെ അവസാന ഹജ്ജ് യാത്ര സംഘത്തെ യാത്രയയച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗളൂരുവിൽ ഹജ്ജ് ഭവനിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ബി.എം. ഫാറൂഖ് എം.എൽ.സി അറിയിച്ചതായും മംഗളൂരു വിമാനത്താവളം വഴിയുള്ള ഹാജിമാർക്ക് അത് സൗകര്യമാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹജ്ജ് മന്ത്രി റഹിം ഖാൻ, എം.എൽ.സി ബി.എം. ഫാറൂഖ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രസിഡന്റ് റഊഫുദ്ദീൻ ആഖിരിവാല, എക്സി. ഓഫിസർ സർഫറാസ് ഖാൻ സർദാർ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.