ബംഗളൂരു: പുതുക്കിയ സമയപരിധിക്കകം ബ്ലൂ ലൈൻ മെട്രോ ഇടനാഴി പൂർത്തിയാക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കരാറുകാർക്ക് നിർദേശം നൽകി. സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങളെ ഭാവിയിലെ സർക്കാർ പദ്ധതികൾക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിൽക്ക് ബോർഡിനെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 58 കിലോമീറ്റർ പാതയുടെ പ്രധാന ഭാഗമായ കൊഡിഗെഹള്ളിയിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ച ശേഷമാണ് ശിവകുമാർ നിർദേശങ്ങൾ നൽകിയത്. 2026 ഡിസംബറോടെ കെ.ആർ. പുരം മുതൽ സിൽക്ക് ബോർഡ് വരെയുള്ള ഭാഗം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
2027 ഡിസംബറോടെ കെ.ആർ. പുരം മുതൽ ഹെബ്ബാൾ വരെയുള്ള ഭാഗവും 2027 ജൂണിൽ ഹെബ്ബാൾ മുതൽ വിമാനത്താവളം വരെയുള്ള ഭാഗവും പൂർത്തിയാക്കുകയാണ് ലക്ഷ്യം. 15,000 കോടി രൂപയുടെ ഇടനാഴിയിൽ 30 സ്റ്റേഷനുകൾ ഉണ്ടാകും. റൂട്ടിലെ 10 സ്റ്റേഷനുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ട്രെയിൻ സർവിസുകൾ ആരംഭിക്കാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുവരുകയാണ്.
ജോലി പൂർത്തിയാകുന്നതുവരെ സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന പ്രധാന യന്ത്രങ്ങൾ ബംഗളൂരുവിന് പുറത്തേക്ക് മാറ്റരുതെന്നും അദ്ദേഹം നിർദേശിച്ചു. നിർമാണ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ ജി.ബി.എ അഡീഷനൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥിനെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.