ബംഗളൂരു: കേരളത്തിലും കുടകിലും പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കബിനി, ഹാരംഗി ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ, ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന മേക്കെദട്ട് ജലസംഭരണി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കർണാടക സർക്കാർ പുനരാരംഭിക്കുന്നു. ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി 2022ൽ വലിയ ജനകീയ ശ്രദ്ധ നേടിയിരുന്നു. 9,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കുന്നതിന്‍റെ ഭാഗമായി സെൻട്രൽ വാട്ടർ കമ്മീഷൻ ആവശ്യപ്പെട്ട സാങ്കേതിക തിരുത്തലുകൾ വരുത്തി പരിഷ്കരിച്ച വിശദമായ പദ്ധതി രേഖ അടുത്ത ആഴ്ച കേന്ദ്ര ജല കമീഷന് സമർപ്പിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ തീരുമാനം.
കൃഷ്ണരാജസാഗർ അണക്കെട്ടിന് താഴെ കർണാടക-തമിഴ്നാട് അതിർത്തിയിൽ നിർദേശിച്ചിരിക്കുന്ന ജലസംഭരണി മൺസൂൺ കാലത്തെ അധിക വെള്ളം സംഭരിച്ചുവെക്കാനും ബംഗളൂരുവിനും സമീപ പ്രദേശങ്ങൾക്കും കുടിവെള്ളം എത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. കാവേരി ജല തർക്ക ട്രിബ്യൂണൽ വിധിച്ച വിഹിതത്തെ പദ്ധതി ബാധിക്കില്ലെന്നും മറിച്ച് ജലനിരപ്പ് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നുമാണ് കർണാടകയുടെ വാദം.
ട്രിബ്യൂണൽ വിധിയുടെ ലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കർണാടകയുടെ പരിഷ്കരിച്ച ഡി.പി.ആർ സി.ഡബ്ല്യു.സി മടക്കി അയച്ചിരുന്നു. ഉപയോഗിക്കുന്ന ജലത്തിന്‍റെ അളവിലുണ്ടായ വർധനവ്, ശിവസമുദ്ര ജലവൈദ്യുത പദ്ധതിയുടെ ഉൾപ്പെടുത്തൽ എന്നിവ സംബന്ധിച്ച് സി.ഡബ്ല്യു.സി വ്യക്തത തേടിയിരുന്നു. ട്രിബ്യൂണൽ ഉത്തരവുകളും സുപ്രീം കോടതിയുടെ 2018-ലെ വിധിയും പാലിച്ചാണ് പുതിയ പദ്ധതി രേഖ തയ്യാറാക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.