മംഗളൂരു: ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും പിക്അപ് ലോറി ഡ്രൈവറുമായ അബ്ദുറഹ്മാനെ (38) കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്. കൊല്ലപ്പെട്ട യുവാവിനൊപ്പം പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, സംഭവ ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി വിജയ് പ്രകാശ് പറഞ്ഞു.
അബ്ദുറഹ്മാന്റെ പരിചയക്കാരായ ദീപക്, സുമിത് ഉൾപ്പെടെയാണ് പ്രതികൾ. സാമുദായികമോ വ്യക്തിവൈരാഗ്യമോ ആവാം ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസിന് ലഭിച്ച സൂചന. കൊല്ലപ്പെട്ട യുവാവിന് രാഷ്ട്രീയ പാർട്ടി ബന്ധങ്ങളോ കുറ്റകൃത്യ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമികളുടെ സംഘടന ബന്ധങ്ങൾ അന്വേഷണത്തിലാണ്.
പിക്അപ് ലോറിയിൽനിന്ന് അബ്ദുറഹ്മാനും ഇംതിയാസ് ഷാഫിയും മണൽ ഇറക്കുമ്പോൾ അബ്ദുറഹ്മാനെ വലിച്ചിറക്കി വാളുകൾ, കത്തികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇടപെടാൻ ശ്രമിച്ച ഷാഫിയുടെ നെഞ്ചിലും പുറകിലും കൈകളിലും കുത്തേറ്റു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ ആക്രമികൾ ആയുധങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. അബ്ദുറഹ്മാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഷാഫി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി വിജയ് പ്രകാശിന്റെ നേതൃത്വത്തിൽ അഞ്ച് പൊലീസ് സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. മംഗളൂരു സിറ്റി ക്രൈംബ്രാഞ്ചിന്റേയും ബണ്ട്വാൾ റൂറൽ പൊലീസിന്റെയും ഏകോപനത്തോടെയാണ് അന്വേഷണം നടത്തുന്നത്. മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് ഇന്ന് ബുധനാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുത്താർ മദനി നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.