ബംഗളൂരു വിമാനത്താവളത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു
ബംഗളൂരു: ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പൂർ, തായ്ലൻഡ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ശനിയാഴ്ച മുതൽ കർണാടക സർക്കാർ ഏഴ്ദിവസത്തെ ഗൃഹസമ്പർക്ക വിലക്ക് നിർബന്ധമാക്കി. ഈ രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പുതന്നെ യാത്രക്കാർ ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം കാണിക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തേ നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ശനിയാഴ്ച സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും ഏഴ് ദിവസം നിർബന്ധമായും വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുകയും കോവിഡ് ചട്ടങ്ങളെല്ലാം പാലിക്കുകയും വേണം. രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്ക് വീട്ടിലേക്ക് പോകാം. എന്നാൽ ഇവർ സ്വയം നിയന്ത്രണങ്ങൾ പാലിക്കണം. മാസ്ക് ധരിക്കൽ, സാമൂഹികഅകലം പാലിക്കൽ, കൈകൾ സോപ്പിട്ട് കഴുകൽ തുടങ്ങിയ കോവിഡ് ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും വേണം.
അതേസമയം, കോവിഡ് ലക്ഷണങ്ങളുള്ള യാത്രക്കാരെ പ്രത്യേകം സജ്ജമാക്കിയ സമ്പർക്ക വിലക്ക്-ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റും. പനി, ചുമ, ജലദോഷം, ശരീരവേദന, തലവേദന, മണവും രുചിയും നഷ്ടപ്പെടൽ, അതിസാരം, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുമ്പോൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം.
ഏത് സാഹചര്യങ്ങൾ നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 50,817 ആശുപത്രി കിടക്കകളാണുള്ളത്. 2896 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു കിടക്കകളാണ്. 28,206 ഓക്സിജൻ കിടക്കകളുമുണ്ട്. കുട്ടികൾക്ക് അടിയന്തര ചികിത്സ നൽകാനുള്ള 426 പി.ഐ.സി.യു കിടക്കകളുമുണ്ട്. നവജാതശിശുക്കൾക്കുള്ള 593 എൻ.ഐ.സി.യു കിടക്കകളുമുണ്ട്. 630.42 മെട്രിക് ടൺ ശേഷിയുള്ള 553 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ടാങ്കുകൾ, 16,387 ഓക്സിജൻ സിലിണ്ടറുകൾ എന്നിവയുമുണ്ട്. ആകെ 1,091 മെട്രിക് ടൺ ഓക്സിജൻ ശേഖരം സംസ്ഥാനത്തുണ്ട്.
ഡിസംബറിൽ ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ 12 അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചിരുന്നു. സ്കൂളുകൾ, കോളജുകൾ, മാളുകൾ, റെസ്റ്റാറന്‍റുകൾ, പബ്ബുകൾ, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ ഇതിനകം കർണാടകയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ദിവസം 5,000 പേരെ പരിശോധിക്കുമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു.
ബസ്സ്റ്റാൻഡുകൾ, മാർക്കറ്റുകൾ അടക്കം രോഗലക്ഷണമുള്ളവരെ പരിശോധിക്കുന്നതിന് മൊബൈൽ യൂനിറ്റുകളെ നിയോഗിച്ചു. അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ മാത്രമേ നിലവിലുള്ളൂവെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അതേസമയം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.