ബംഗളൂരുവിലെത്തിയ ബൾഗേറിയൻ അംബാസഡർ ഡോ. നിക്കോളായ് യാൻകോവിനെ സംസ്ഥാന ബയോഎനർജി വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര സ്വീകരിക്കുന്നു
സാങ്കേതിക രംഗത്ത് ബൾഗേറിയൻ സഹകരണം തേടി കർണാടക
ബംഗളൂരു: സാങ്കേതിക വിദ്യയിൽ ഡീപ് ടെക് രംഗത്തും ശുദ്ധ ഊർജ മേഖലയിലും യൂറോപ്യൻ സഹകരണം വിപുലപ്പെടുത്താൻ കർണാടക സർക്കാർ. ബയോ-എനർജിയുടെയും പുനരുപയോഗ ഊർജ മേഖലയുടെയും വളർച്ചക്കായി സംയുക്ത പദ്ധതികൾ ആവിഷ്കരിക്കാനും സുസ്ഥിര നിക്ഷേപസാധ്യതകൾ ആരായാനും ബൾഗേറിയൻ ഭരണകൂടവുമായുള്ള ചർച്ചക്ക് സംസ്ഥാനം തുടക്കം കുറിച്ചു. ഇതു സംബന്ധിച്ച് ബെംഗളൂരു സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ ബൾഗേറിയൻ അംബാസഡർ ഡോ. നിക്കോളായ് യാൻകോവുമായി കർണാടക സംസ്ഥാന ബയോഎനർജി വികസന ബോർഡ് ചെയർമാൻ എസ്. ഇ. സുധീന്ദ്ര ഔപചാരികചർച്ചകൾ നടത്തി.
പുനരുപയോഗ ഊർജ സഹകരണങ്ങളിൽ ആഗോള കരാറുകൾ രൂപപ്പെടുത്തുന്നതിൽ കർണാടക കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ സുധീന്ദ്ര വിശദീകരിച്ചു. കഴിഞ്ഞ വർഷം ജർമനിയിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഹാംബർഗ് ഇൻവെസ്റ്റുമായി രൂപപ്പെടുത്തിയ ധാരണയിലൂടെ ബയോ-എനർജി അടിസ്ഥാനസൗകര്യ വികസനത്തിനായി ഏകദേശം 1,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുങ്ങിയത് അദ്ദേഹം അനുസ്മരിച്ചു.
സാങ്കേതികവിദ്യ വികസനവും നെറ്റ്-സീറോ ലക്ഷ്യങ്ങളും കൈവരിക്കാൻ ബൾഗേറിയൻ അക്കാദമിക സ്ഥാപനങ്ങളും വ്യവസായ ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള കർണാടക സർക്കാറിന്റെ സന്നദ്ധത അദ്ദേഹം അറിയിച്ചു. അടുത്ത നവംബറിൽ ബെംഗളൂരു ടെക് സമ്മിറ്റിനോടനുബന്ധിച്ച് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ബൾഗേറിയൻ പ്രതിനിധിസംഘം സന്ദർശനത്തിനെത്തുമെന്ന് അംബാസഡർ സന്ദർശിക്കുമെന്ന് അംബാസഡർ ഡോ. നിക്കോളായ് യാൻകോവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.