മംഗളൂരു:അര നൂറ്റാണ്ടായി കുടക് ജില്ല ആസ്ഥാനമായ മടിക്കേരിയുടെ മുഖമുദ്രയായ നഗര കവാടത്തിലെ ജനറൽ കൊഡന്തേര എസ്.തിമ്മയ്യ പ്രതിമ തിങ്കളാഴ്ച പുലർച്ചെ നിലം പതിച്ചു. മംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട കർണാടക ആർ.ടി.സിയുടെ കെ.എ.-21-എഫ്-0043 ബസ് ഡിപ്പോയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പോവുന്നതിനിടെ നിയന്ത്രണം വിട്ട് പ്രതിമയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
പിക്കപ്പ് വാനുമായി കൂട്ടിയിടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ ടോൾ ഗേറ്റ് എന്നറിയപ്പെടുന്ന കവലയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം.കനത്ത മൂടൽ മഞ്ഞ് കാരണം പ്രതിമ കണ്ടില്ലെന്ന് ബസ് ഡ്രൈവർ ദാവൺഗെരെ സ്വദേശി കൊട്രെ ഗൗഡ പറഞ്ഞു.ഡ്രൈവറും കണ്ടക്ടർ അരസികരെ സ്വദേശി പുട്ടസ്വാമിയും മാത്രമേ അപകട സമയം ബസിൽ ഉണ്ടായിരുന്നുള്ളൂ.ഡ്രൈവറുടെ അടുത്ത സീറ്റിൽ ഇരുന്ന കണ്ടക്ടർ ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ല് തകർന്ന പഴുതിലൂടെ പുറത്തേക്ക് തെറിച്ചു വീണു.തലക്ക് പരുക്കേറ്റ കണ്ടക്ടറും നേരിയ പരുക്കുള്ള ഡ്രൈവറും ജില്ല ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
റാഞ്ചിയിൽ നിർമ്മിച്ച് പ്രത്യേക ലോറിയിൽ കൊണ്ടുവന്ന് 1973 ഏപ്രിൽ 21ന് ഫീൽഡ് മാർഷൽ സാം മനേക്ശ്വവ് അനാഛാദനം ചെയ്ത പ്രതിമ ഇത്രയും കാലം പോറലില്ലാതെ നിൽക്കുകയായിരുന്നു. ക്രയിൻ സഹായത്തോടെ പ്രതിമ തിമ്മയ്യ മ്യൂസിയം അങ്കണ മൂലയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.