ബംഗളൂരു: ജോലിക്കാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരുദിവസത്തെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാർ ഉത്തരവ് സ്റ്റേ ചെയ്ത കർണാടക ഹൈകോടതി മണിക്കൂറുകള്‍ക്കകം ഉത്തരവ് പിൻവലിച്ചു. ബുധനാഴ്ച സർക്കാറിന്റെ വാദങ്ങൾ കേൾക്കാമെന്നും സമ്മതിച്ചു. നവംബര്‍ ഒമ്പതിലെ വിജ്ഞാപന പ്രകാരം സ്ഥിരം, കരാര്‍, ഔട്ട് സൌഴ്സ് ജോലികള്‍ ഉൾപ്പെടെ ജോലി ചെയ്യുന്ന 18നും 52നും ഇടയില്‍ പ്രായമുള്ള വനിത ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസം ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി പ്രഖ്യാപിച്ചിരുന്നു.
ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷനും അവിരാത എ.എഫ്.എല്‍ കണക്റ്റിവിറ്റി സിസ്റ്റവുമാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് സര്‍ക്കാര്‍ തങ്ങളുമായി കൂടിയാലോചിച്ചില്ല. അത്തരം അവധി നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. സർക്കാർ എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു.
1948ലെ ഫാക്ടറി ആക്ട്, 1961ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1951ലെ പ്ലാന്റേഷൻ തൊഴിലാളി ആക്ട്, 1966ലെ ബീഡി, സിഗാർ തൊഴിലാളി ആക്ട്, 1961ലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ആക്ട് എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് ആർത്തവ അവധി അനുവദിച്ചിരുന്നത്.
നിലവിലുള്ള തൊഴിൽ നിയമങ്ങൾ ജീവനക്കാരുടെ അവധിക്ക് മതിയായ വ്യവസ്ഥകൾ നൽകുന്നുണ്ടെന്നും കൂടുതൽ അവധികൾ അധിക സാമ്പത്തിക ബാധ്യതക്ക് കാരണമാകുമെന്നും ഹരജിയിൽ പറഞ്ഞു. തുടർന്നാണ് ജസ്റ്റിസ് എം. ജ്യോതി രാവിലെ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാൽ, സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് സ്റ്റേ ഉത്തരവെന്നും പുനഃപരിശോധിക്കണമെന്നും അഡ്വ. ജനറൽ ശശി കിരൺ ഷെട്ടി കോടതിയെ അറിയിച്ചു. ഇതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.