യെദിയൂരപ്പ
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി കമ്മിറ്റി അംഗവുമായ ബി.എസ്. യെദിയൂരപ്പക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമ (പോക്സോ) കേസ് റദ്ദാക്കാൻ കർണാടക ഹൈകോടതി വിസമ്മതിച്ചു. വിധി പ്രസ്താവിച്ച ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് കേസ് പോക്സോ കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
എന്നാൽ, മുൻകൂർ ജാമ്യം അനുവദിച്ചതിലൂടെ മുൻ മുഖ്യമന്ത്രി ഉടൻ അറസ്റ്റിൽനിന്ന് ഒഴിവായി. കുറ്റപത്രം റദ്ദാക്കാൻ കോടതി കൂട്ടാക്കിയില്ല. കഴിഞ്ഞ മാസം 17ന് കേസിലെ വാദങ്ങളും പ്രതിവാദങ്ങളും അവസാനിപ്പിച്ചശേഷം കോടതി തീരുമാനം എടുക്കുന്നതിനായി കേസ് മാറ്റിവെച്ചിരുന്നു. വിധി എതിരായതിനാൽ കേസിൽ യെദിയൂരപ്പ നിയമനടപടികൾ നേരിടേണ്ടിവരും. യെദിയൂരപ്പ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാവ് ബംഗളൂരു സദാശിവനഗര്‍ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും നിയമനടപടികൾ നേരിടാൻ തയാറാണെന്നും വാദിച്ച് മുൻ മുഖ്യമന്ത്രി ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസന്വേഷിച്ച ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) കഴിഞ്ഞ ജൂൺ 27ന് പ്രത്യേക അതിവേഗ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം അനുസരിച്ച് യെദിയൂരപ്പക്കും മറ്റു മൂന്ന് പ്രതികൾക്കുമെതിരെ പോക്സോ നിയമപ്രകാരവും ഐ.പി.സി 354 (എ) (ലൈംഗിക പീഡനം), 204 (രേഖകളോ ഇലക്ട്രോണിക് രേഖകളോ നശിപ്പിക്കൽ), 214 (ഒരു കുറ്റകൃത്യം മറച്ചുവെക്കാൻ കൈക്കൂലി വാഗ്ദാനം ചെയ്യൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് പരാതിക്കാരി, 17 വയസ്സുള്ള തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സഹായം തേടി യെദിയൂരപ്പയുടെ വസതി സന്ദർശിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് യെദിയൂരപ്പ പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇര ചെറുത്തുനിൽക്കുകയും മുറി വിട്ടുപോകുകയും ചെയ്തു.
തുടർന്ന് യെദിയൂരപ്പ അവരെ സഹായിക്കാൻ വിസമ്മതിച്ചു. സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞപ്പോൾ അവരെ ഇടനിലക്കാർ വഴി തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി രണ്ടുലക്ഷം രൂപ പണമായി നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽനിന്നും ഫോൺ ഗാലറിയിൽനിന്നും ഫയലുകൾ ഡിലീറ്റ് ചെയ്തതായും കുറ്റപത്രത്തിലുണ്ട്. ഇരയുടെ മാതാവ് കഴിഞ്ഞ മേയ് 26ന് ബംഗളൂരുവിൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.