മംഗളൂരു: ബെൽത്തങ്ങാടിയിലെ ക്രാഫ്റ്റ് സ്റ്റോറിൽ ശനിയാഴ്ച ഹീലിയം വാതക ചോർച്ചയെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ നശിച്ചു. സന്തേകട്ടെയിലെ ഹെരാജെ കോംപ്ലക്‌സിന്റെ ഒന്നാം നിലയിലുള്ള മുഹമ്മദ് സമീലിന്റെ ഉടമസ്ഥതയിലുള്ള കെ.എ.എഫ് ക്രിയേറ്റീവ് ആർട്ട് ആൻഡ് ക്രാഫ്റ്റ് സ്റ്റോറിലാണ് അഗ്നിബാധ.
വരാനിരിക്കുന്ന പരിപാടിക്കായി രണ്ട് ജീവനക്കാർ ബലൂണുകളിൽ ഹീലിയം വാതകം നിറക്കുന്നതിനിടെ ഉണ്ടായ ഗ്യാസ് ചോർച്ചയാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കടയിലുടനീളം തീ പടർന്നതോടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.
നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കാനുള്ള പ്രവർത്തനം നടത്തി. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കടുത്ത ചൂടും പുകയും സമീപത്തെ കടകൾക്കും നാശമുണ്ടാക്കി.
സംഭവം കണ്ട് വലിയ ജനക്കൂട്ടം എത്തിയതോടെ പ്രധാന റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി. ബെൽത്തങ്ങാടി ലോക്കൽ പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. ബഹളത്തിനിടയിൽ കടയിലെ ഒരു ജീവനക്കാരി കുഴഞ്ഞുവീണു. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.