ഡോ. സുഷമ ശങ്കർ
ബംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കന്നട-മലയാളം എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് കർണാടക അന്വേഷണെ സാംസ്കൃതിക അക്കാദമിയുടെ 2024-2025ലെ എസ്.എൽ. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാർഡ്.
ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്കൃത കൃതികളെക്കുറിച്ച് കന്നട ഭാഷയിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം നേടിയ ഏക മലയാളിയാണ് സുഷമ ശങ്കർ.
മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും ഇടശ്ശേരിയുടെ പൂതപ്പാട്ടും മലയാളത്തിൽനിന്നും കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സുബ്രഹ്മണ്യ ഭാരതിയുടെ കുയിൽ പാട്ട് മഹാകാവ്യത്തിന്റെ കുയിൽ പാട്ട് ഒരു മതിപ്പീട് എന്ന നാ സുബ്ബു റെഡ്ഡിയാർ രചിച്ച ഗ്രന്ഥം തമിഴിൽ നിന്നും, ഡോ. സി. നാരായണ റെഡ്ഡിയുടെ ജ്ഞാനപീഠ പ്രശസ്തി പുരസ്കൃത മഹാകാവ്യം ‘വിശ്വംഭര’ തെലുഗിൽനിന്നും മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
മലയാളം മിഷന്റെ കർണാടക ചാപ്റ്ററിൽ അമ്മമലയാളം എന്ന പഠനകേന്ദ്രം നടത്തുന്നതിനോടൊപ്പം വർഷങ്ങളായി അന്യഭാഷക്കാർക്കായി കന്നടയും സൗജന്യമായി പഠിപ്പിക്കുന്നു. സരസ്വതി എജുക്കേഷൻ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിങ് ട്രസ്റ്റിയായ സുഷമ ശങ്കർ ‘തൊദൽനുടി’ എന്ന കുട്ടികളുടെ കന്നട മാസികയുടെ പത്രാധിപരുമാണ്.
മാർച്ച് രണ്ടിന് രവീന്ദ്ര കലാക്ഷേത്രത്തിൽ വെച്ച് മുഖ്യമന്ത്രി അവാർഡ് നൽകുമെന്ന് അക്കാദമി സെക്രട്ടറി പത്മജാ ജോയ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.