ദീ​പാ​വ​ലി​ക്കാ​യി ക​ട​യി​ൽ പ​ട​ക്ക​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​ർ

ദീപാവലി ആഘോഷത്തിലേക്ക് നഗരം; പടക്കം പൊട്ടിക്കൽ രാത്രി എട്ടുമുതല്‍ 10 വരെ മാത്രം

ബംഗളൂരു: ഈമാസം 24ന് ദീപാവലി നാടും നഗരവും ആഘോഷത്തിലേക്ക്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മാളുകളും നേരത്തേ തന്നെ ആഘോഷത്തെ വരവേൽക്കാൻ ദീപാലംകൃതമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ തരം അലങ്കാരദീപങ്ങളും മറ്റും വിപണിയിൽ സ്ഥാനംപിടിച്ചു കഴിഞ്ഞു.

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, നഗരത്തിലെ ബേക്കറികളിലും പൂജ സ്‌റ്റോറുകളിലും തിരക്കേറിയിട്ടുണ്ട്. മധുരപലഹാരങ്ങളടങ്ങിയ സമ്മാനപ്പൊതികൾക്കാണ് ആവശ്യക്കാർ കൂടുതൽ. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇവക്ക് ഇത്തവണ വില കൂടിയിട്ടുണ്ട്.

പൂജ സ്‌റ്റോറുകളിലും സമാനമാണ് സ്ഥിതി. മണ്ണുകൊണ്ട് നിര്‍മിക്കുന്ന ചെറുദീപങ്ങളും കടകളിൽ നേരത്തേതന്നെ തയാറാക്കിയിട്ടുണ്ട്. ഇവക്കും ഇത്തവണ വില കൂടുതലാണ്. വിലവര്‍ധനവുണ്ടെങ്കിലും മധുരപലഹാരങ്ങള്‍ക്കും പൂജാവസ്തുക്കള്‍ക്കും ആവശ്യത്തിന് കുറവില്ല. നൂറുകണക്കിനാളുകളാണ് ഇവ വാങ്ങാൻ കടകളിലെത്തുന്നത്.

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് മലിനീകരണ നിയന്ത്രണബോര്‍ഡ് സമയപരിധി നിശ്ചയിച്ചു. രാത്രി എട്ടുമുതല്‍ 10 വരെയാണ് പടക്കം പൊട്ടിക്കാനുള്ള അനുമതി. ശബ്ദ മലിനീകരണവും വായു മലിനീകരണവും കുറക്കൽ ലക്ഷ്യമിട്ടാണ് നടപടി.

സമയപരിധി ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. ഇതിനായി സിറ്റി പൊലീസിനോടും ജില്ല ഭരണകൂടത്തോടും ബി.ബി.എം.പി യോടും ബോര്‍ഡ് നിര്‍ദേശിച്ചു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പടക്കങ്ങള്‍ വില്‍ക്കുന്നത് തടയാനും നടപടിയുണ്ടാകും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഇത്തവണ ആഘോഷങ്ങളുടെ പൊലിമ കൂടുമെന്നാണ് വിലയിരുത്തല്‍. ഇതോടെ പരിസ്ഥിതി മലിനീകരണ സാധ്യതയും ഏറെയാണ്. വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാന്‍ പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നേരത്തേ ബി.ബി.എം.പിയും ആവശ്യപ്പെട്ടിരുന്നു.

വരും ദിവസങ്ങളിലെ വായു മലിനീകരണതോത് പരിശോധിക്കാന്‍ മലിനീകരണ ബോര്‍ഡ് പദ്ധതി തയാറാക്കുമെന്നും അധികൃതർ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം വിവിധ കേന്ദ്രങ്ങളില്‍ മലിനീകരണതോത് പരിശോധിക്കും. പരിശോധനഫലം തൃപ്തികരമല്ലെങ്കില്‍ ബി.ബി.എം.പി യോട് വിശദീകരണം തേടും.

അതേസമയം ദീപാവലി അവധിയോടനുബന്ധിച്ച തിരക്ക് പരിഗണിച്ച് കേരള-കർണാടക ആർ.ടി.സികൾ പ്രത്യേക കേരള സർവിസുകൾ നടത്തുന്നത് യാത്രക്കാർക്ക് ഗുണകരമാകും. എന്നാൽ മിക്ക ബസുകളിലും ടിക്കറ്റ് നേരത്തേ തന്നെ തീർന്നിട്ടുണ്ട്. കേരള ആർ.ടി.സി കൂടുതൽ ബസുകൾ ഓടിക്കണമെന്ന ആവശ്യവും ശക്തമാണ്. ട്രെയിൻ ടിക്കറ്റുകളുടെ ബുക്കിങ് നേരത്തേ തന്നെ തീർന്നുകഴിഞ്ഞു. 

Tags:    
News Summary - Diwali celebration-Bursting of firecrackers is only from 8 to 10 night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.