ബംഗളൂരു: സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശുചിത്വം പാലിക്കാനും കർണാടക സർക്കാർ ശനിയാഴ്ച പൊതുജനങ്ങളോട് അഭ്യർഥിച്ചു. കോവിഡ് കേസുകളിൽ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊതുജനാരോഗ്യ ശ്രമങ്ങളെ സജീവമായി പിന്തുണക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു.
ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങൾ വഴി മാത്രം വിവരങ്ങൾ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങൾ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ലക്ഷണങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്യണം. പനി, ചുമ, നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യോപദേശം തേടണം. പരിശോധനയുമായി സഹകരിക്കുകയും നിരീക്ഷണത്തിനായി സാമ്പ്ൾ ശേഖരിക്കാൻ അനുവദിക്കുകയും ചെയ്യണം.ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്ഫോം (ഐ.എച്ച്.ഐ.പി) പോർട്ടലിന്റെ കമ്യൂണിറ്റി മോണിറ്ററിങ് ടൂൾ വഴി റിപ്പോർട്ട് ചെയ്യുക. രോഗികളായ കുട്ടികളെ സ്കൂളുകളിലേക്കോ പുറത്തേക്കോ അയക്കരുതെന്ന് രക്ഷിതാക്കളോട് നിർദേശിച്ചു.
രോഗലക്ഷണങ്ങൾക്കായി വിദ്യാർഥികളെ നിരീക്ഷിക്കുക, ശുചിത്വം പ്രോത്സാഹിപ്പിക്കുക, ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക എന്നിവയിലൂടെ സ്കൂളുകളിൽ നിരീക്ഷണം നടത്തണം. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം.
ബംഗളൂരു: കർണാടകയിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ ആകെ കോവിഡ് മരണം നാലായി. ബംഗളൂരു നഗരത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന 63കാരനാണ് വ്യാഴാഴ്ച മരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം അർബുദ ചികിത്സയിലായിരുന്നു.
മേയ് 21നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രതിരോധ വാക്സിൻ എടുത്തയാളായിരുന്നെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു. ബംഗളൂരുവിലെ രണ്ടാമത്തെ കോവിഡ് മരണംകൂടിയാണിത്. ബെളഗാവി, മൈസൂരു എന്നിവിടങ്ങളിലും ഒാരോ രോഗികൾ മരണത്തിന് കീഴടങ്ങിയിരുന്നു.
പുതുതായി 58 കോവിഡ് കേസുകൾകൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 53 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് 238 കോവിഡ് സജീവ കേസുകളാണുള്ളത്. ഇതിൽ 225 പേർ ഭവന നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച വൈകീട്ട് മുതൽ ശനിയാഴ്ച വൈകീട്ട് വരെ 420 പരിശോധനകൾ നടത്തി. ഇതിൽ 354 ആർ.ടി.പി.സി.ആർ പരിശോധനയും 66 റാപിഡ് ടെസ്റ്റുകളും ഉൾപ്പെടും. 13.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 1.7 ശതമാനവും. ബംഗളൂരുവിലാണ് കൂടുതൽ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.