നമ്മ മെട്രോയിൽ പിഴയിനത്തില്‍ വൻ വര്‍ധന; മുമ്പ് 500 രൂപയായിരുന്ന പിഴ 2,500 രൂപയാക്കി

ബംഗളൂരു: നമ്മ മെട്രോയിലെ യാത്രികര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് ശല്യക്കാരായ നിയമലംഘകർക്കെതിരെ പിഴത്തുക വര്‍ധിപ്പിച്ച് അധികൃതര്‍. മെട്രോയില്‍ യാത്രികര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ സ്പീക്കർ മോഡിൽ സംഗീതം പ്ലേ ചെയ്യുക, ഇയർഫോൺ ഇല്ലാതെ വീഡിയോകൾ കാണുക തുടങ്ങിയ പ്രവൃത്തികൾക്ക് ഇനി യാത്രക്കാർക്ക് 2,500 രൂപ വരെ പിഴ ചുമത്തും. മുമ്പ് 500 രൂപയായിരുന്നു പിഴ. സഹയാത്രികർക്ക് അസൗകര്യമോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ഇപ്പോൾ 2,500 രൂപ വരെ പിഴ ചുമത്തും.

ലഹരി ഉപയോഗിച്ച ശേഷം മെട്രോയിൽ യാത്ര ചെയ്യുക, ആക്രോശിക്കുക, അധിക്ഷേപകരമോ അശ്ലീല ഭാഷ ഉപയോഗിക്കുക, തുപ്പുക, കോച്ചുകളുടെ തറയിൽ ഇരിക്കുക, സ്വത്ത് നശിപ്പിക്കുക, അസഭ്യം പറയുക എന്നിവ കുറ്റകൃത്യങ്ങളിൽ പെടും. സ്പീക്കർ മോഡിൽ യാത്രക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ വർധിച്ചതിനെ തുടർന്നാണ് നടപടി. 2026 ലെ ജൻ വിശ്വാസ് നിയമത്തിലൂടെ 2002 ലെ മെട്രോ റെയിൽവേസ് നിയമത്തിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന് ജൂൺ 19 മുതൽ പുതുക്കിയ പിഴകൾ പ്രാബല്യത്തിൽ വന്നു.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആര്‍.സി എല്‍) പ്രകാരം രാജ്യത്തുടനീളമുള്ള മെട്രോ റെയിൽ സംവിധാനങ്ങൾക്ക് വർധിപ്പിച്ച പിഴകൾ ബാധകമാണ്. 2025-26 കാലയളവിൽ മെട്രോ കോച്ചുകൾക്കുള്ളിൽ ഓഡിയോ അല്ലെങ്കിൽ വീഡിയോകൾ ഉച്ചത്തിൽ പ്ലേ ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥർ ഏകദേശം 57,000 യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി ബി.എം.ആർ.സി.എൽ അധികൃതര്‍ ഡാറ്റകള്‍ ഉദ്ധരിച്ച് പറഞ്ഞു. 500 രൂപ പിഴ ചുമത്താനുള്ള വ്യവസ്ഥ ഉണ്ടായിരുന്നിട്ടും മിക്ക നിയമലംഘകർക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അസാധാരണമായ സന്ദർഭങ്ങളിൽ മാത്രമേ പിഴ ചുമത്തിയിട്ടുള്ളൂവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മെട്രോ പരിസരത്ത് പോസ്റ്ററുകൾ, ബാനറുകൾ, പ്ലക്കാർഡുകൾ എന്നിവ പ്രദർശിപ്പിക്കുകയോ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്നതിന് മുമ്പ് ആറ് മാസം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചിരുന്നു. ഇപ്പോള്‍ 10,000 രൂപ വരെ പിഴ ചുമത്തും.

മെട്രോ ട്രാക്കുകളിൽ അതിക്രമിച്ചു കടക്കൽ,മെട്രോ പരിസരത്ത് നിയമവിരുദ്ധമായി തങ്ങൽ എന്നിവക്ക് ഇപ്പോൾ 5,000 രൂപ വരെ പിഴ ചുമത്താം, നേരത്തെ 250 രൂപ പിഴയോ മൂന്ന് മാസം വരെ തടവോ ആയിരുന്നു. വിവിധ കുറ്റകൃത്യങ്ങൾക്കുമുള്ള പിഴ തുകയില്‍ വന്‍ വര്‍ധന ഉണ്ടായതായി ബി.എം.ആർ.സി.എൽ ചീഫ് പി.ആർ.ഒ ബി.എൽ യശ്വന്ത് ചവാൻ പറഞ്ഞു.

Tags:    
News Summary - Huge increase in fines in Namma Metro; The fine has been increased from Rs 500 to Rs 2,500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.