ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദേ​ശ്

സ്ത്രീകൾക്കെതിരെ ഇൻസ്പെക്ടറുടെ ലൈംഗികാതിക്രമം: അന്വേഷണം സി.ഐ.ഡിക്ക്

ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മൂഡ്ബിദ്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.പി. സന്ദേശ് സ്ത്രീകൾക്ക് നേരെ ലൈംഗിഗകാതിക്രമം കാണിച്ചുവെന്ന കേസിന്റെ അന്വേഷണം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര തിങ്കളാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് വിശദമായ അന്വേഷണത്തിനായി കേസ് സി.ഐ.ഡിക്ക് കൈമാറാൻ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലിനോട് നിർദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയും ഇരയും നിരവധി വിവരങ്ങൾ പങ്കുവെച്ചതായി മന്ത്രി പറഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണത്തിനായി കേസ് സി.ഐ.ഡിക്ക് കൈമാറാൻ തീരുമാനിച്ചത്. ആരോപണം ഉയർന്നയുടനെ കുറ്റാരോപിതനായ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തുകൊണ്ട് അടിയന്തര നടപടി സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ പൂർണ വ്യാപ്തി കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സി.ഐ.ഡി അന്വേഷണത്തിന് ശേഷം സത്യം പുറത്തുവരും. കൂടുതൽ ഇരകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അത് വെളിപ്പെടുത്തും. മൂഡ്ബിദ്രി പൊലീസ് ഇൻസ്പെക്ടർ സന്ദേശിനെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി സസ്പെൻഡ് ചെയ്തിരുന്നു. ഇൻസ്പെക്ടർ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് കർണാടക സംസ്ഥാന വനിത കമ്മീഷന് ഏതാനും സ്ത്രീകൾ നൽകിയ പരാതികളിൽ മംഗളൂരു നോർത്ത് സബ് ഡിവിഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എ.സി.പി) നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടർന്ന് മാർച്ച് 17 ന് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

പരാതികളുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളിൽ നിന്ന് ഇൻസ്പെക്ടർ ലൈംഗിക സഹകരണം അല്ലെങ്കിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് രണ്ട് സ്ത്രീകൾ ആരോപിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട ഇൻസ്‌പെക്ടർ സന്ദേശ്, തന്റെ പോസ്റ്റിങ് ഉറപ്പാക്കാൻ ആഭ്യന്തരമന്ത്രി ജി. പരമേശ്വരക്ക് 40 ലക്ഷം രൂപ നൽകിയെന്നും ആർക്കും തനിക്കെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ടതിനും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. അതേസമയം, ബെൽത്തങ്ങാടി താലൂക്കിലെ ഒരു കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയെത്തുടർന്ന് സന്ദേശിനെതിരെ മംഗളൂരു വേണൂർ പൊലീസും ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപിച്ചത്.

Tags:    
News Summary - CID to investigate Inspector's sexual assault on women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.