നിയമസഭ സീറ്റിന് കോടികൾ വാങ്ങി വഞ്ചിച്ച കേസിൽ മുഖ്യപ്രതി ചൈത്രക്ക് ജാമ്യം
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലെ മുഖ്യപ്രതി സംഘ്പരിവാർ തീപ്പൊരി പ്രസംഗക ചൈത്ര കുന്താപുരക്കും കൂട്ടുപ്രതി ഉഡുപ്പി സ്വദേശി ശ്രീകാന്തിനും ബംഗളൂരു അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. സെൻട്രൽ ക്രൈംബ്രാഞ്ച് 800 പേജ് കുറ്റപത്രം സമർപ്പിച്ച അതേ കോടതിയാണിത്.
ചൈത്ര കുന്താപുര ഉൾപ്പെടെ എട്ടു പേരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ സെപ്റ്റംബർ 12നാണ് ചൈത്ര കുന്താപുരയെയും ആറു പ്രതികളെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ആഴ്ച കഴിഞ്ഞ് ഒഡിഷയിൽ അറസ്റ്റിലായി. ബംഗളൂരുവിൽ ഹോട്ടൽ, ഷെഫ് ടോക്ക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കേറ്ററിങ് ബിസിനസുകൾ നടത്തുന്ന ഉഡുപ്പി ബൈന്തൂർ സ്വദേശി ഗോവിന്ദ ബാബു പൂജാരി ബംഗളൂരു ബന്ദേപാളയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വൻ തെരഞ്ഞെടുപ്പ് കോഴ വെളിച്ചത്തു കൊണ്ടുവന്നത്.
യുവമോർച്ച ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, ചിക്കമഗളൂരു സ്വദേശി രമേശ്, ബംഗളൂരു കെ.ആർ. പുരം സ്വദേശി നായ്ക്, ചിക്കമഗളൂരു സ്വദേശി ധനരാജ്, ഉഡുപ്പി സ്വദേശി ശ്രീകാന്ത്, ബി.ജെ.പി പ്രവർത്തകൻ പ്രസാദ് ബൈന്തൂർ എന്നിവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.