ബംഗളൂരു: 2015ൽ ബസപകടത്തിൽ മരിച്ച എൻജിനീയറിങ് വിദ്യാർഥിനിയുടെ കുടുംബത്തിന് 35,53,400 രൂപയും ആറു ശതമാനം വാർഷിക പലിശയും നഷ്ടപരിഹാരമായി നൽകാൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷനോട് (ബി.എം.ടി.സി) കർണാടക ഹൈകോടതി ഉത്തരവിട്ടു. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ആദ്യം അനുവദിച്ചതിനേക്കാൾ അധികമാണ് ഹൈകോടതി വിധിച്ച നഷ്ടപരിഹാര തുക. ഇരയുടെ കുടുംബത്തിന് 20,46,400 രൂപ നൽകാനായിരുന്നു മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധി.
2015 നവംബർ 12നാണ് കേസിനാസ്പദമായ സംഭവം. 20 വയസ്സുള്ള മേരി സിന്ധു എന്ന എൻജിനീയറിങ് വിദ്യാർഥിനി സ്കൂട്ടറിൽ പിൻസീറ്റ് റൈഡറായി സഞ്ചരിക്കവെ, കോണപ്പന അഗ്രഹാരയിലെ പി.ഇ.എസ് കോളജിന് സമീപം അമിത വേഗത്തിൽ വന്ന ബി.എം.ടി.സി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചു. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യോഗേഷിനും പിൻസീറ്റിൽ യാത്ര ചെയ്ത മേരിക്കും പരിക്കേറ്റിരുന്നു. നാല് ദിവസത്തെ ചികിത്സക്ക് ശേഷം നവംബർ 15ന് മേരി ആശുപത്രിയിൽ മരണപ്പെട്ടു.
മേരിയുടെ മാതാപിതാക്കളായ ക്രിസ്റ്റി ബാബു, മേരി ഫ്രാഞ്ചാന, സഹോദരൻ സിബി ഡെനിസ് എന്നിവർ ബി.എം.ടി.സിയിൽ നിന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സിവിൽ എൻനീയറിങ്ങിൽ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയായിരുന്ന മേരി പ്രതിമാസം 30,000 രൂപ സമ്പാദിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അപകടത്തിന് ഇരു കക്ഷികളും ഉത്തരവാദികളാണെന്ന വാദം ഉന്നയിച്ചുകൊണ്ട് ബി.എം.ടി.സി ഇതിനെ ചോദ്യം ചെയ്തു. എന്നാൽ, 15,07,000 രൂപ ഒമ്പതു ശതമാനം വാർഷിക പലിശ സഹിതം നഷ്ടപരിഹാരം നൽകാൻ 2016 നവംബർ 28ന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ബി.എം.ടി.സി അധികൃതരോട് ഉത്തരവിട്ടു.
സ്കൂട്ടർ മിതമായ വേഗതയിലാണ് സഞ്ചരിച്ചതെന്നും അപകടത്തിന് ബസ് ഡ്രൈവർ കുറ്റക്കാരനാണെന്നും വാദിച്ചുകൊണ്ട് മേരിയുടെ കുടുംബം ഹൈക്കോടതിയിൽ ഒരു ഹരജി ഫയൽ ചെയ്തു. മേരിയുടെ അക്കാദമിക് കഴിവുകൾ ചൂണ്ടിക്കാട്ടിയ കുടുംബം, ഒരു മൾട്ടി നാഷനൽ കമ്പനിയിൽ പ്രതിമാസം 50,000-60,000 രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നതായും ഹരജിയിൽ വാദിച്ചു.
എന്നാൽ, ഹരജിക്കാരുമായി പൊലീസ് ഒത്തുകളിച്ചുവെന്ന് ആരോപിച്ച ബി.എം.ടി.സി, ഹൈകോടതിയിൽ ബസ് ഡ്രൈവർക്കായി വാദിച്ചു. സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസിന്റെ സാധുതയെയും ബി.എം.ടി.സി കോടതിയിൽ ചോദ്യം ചെയ്തു.കേസ് പരിഗണിച്ച ജസ്റ്റിസ് കെ.എസ്. മുദ്ഗൽ, ജസ്റ്റിസ് വിജയകുമാർ എ. പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ബി.എം.ടി.സി. ബസിലെ ഡ്രൈവർ അപകടസ്ഥലത്ത് അമിത വേഗത്തിൽ എത്തിയതായും ബസിലെ ഒരു പ്രധാന ഭാഗം സ്കൂട്ടറിനെ മറികടന്ന് പിന്നിലെ വാതിലിനടുത്തുള്ള ഇടതുവശം ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നും തെളിവു സഹിതം ചൂണ്ടിക്കാട്ടി.
ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷി യോഗേഷ് കുമാറും വാദിച്ചു.മരിച്ച പെൺകുട്ടി എൻജിനീയറിങ് കോഴ്സ് പൂർത്തിയാക്കാനിരിക്കെയാണ് അപകടമെന്നും അവരുടെ അക്കാദമിക് മികവ് കണക്കിലെടുത്ത്, മരിച്ചയാളുടെ വരുമാനം പ്രതിമാസം 22,000 രൂപയായി പുനർനിർണയിക്കുന്നത് നീതിയുക്തമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ബി.എം.ടി.സി. സമർപ്പിച്ച അപ്പീൽ ഹൈകോടതി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.