ഗാലി ജനാർദന റെഡ്ഡി
ബംഗളൂരു: പ്രമാദമായ ഖനന അഴിമതി കേസിൽ കർണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗാലി ജനാർദന റെഡ്ഡി എം.എൽ.എക്കും മറ്റു നാലു പ്രതികൾക്കും ഹൈദരാബാദിലെ സി.ബി.ഐ പ്രത്യേക കോടതി ഏഴു വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഒബുലാപുരം മൈനിങ് കമ്പനി (ഒ.എം.സി) അനധികൃത ഖനന കേസിൽ 13 വർഷം നീണ്ട വിചാരണക്കുശേഷമാണ് വിധി. മറ്റു പ്രതികളായ കമ്പനി എം.ഡി ബി.വി. ശ്രീനിവാസ് റെഡ്ഡി, ജനാർദന റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് മെഹ്ഫുസ് അലി ഖാൻ, ആന്ധ്രപ്രദേശ് ഖനി വകുപ്പ് മുൻ ഡയറക്ടർ വി.ഡി. രാജഗോപാൽ എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അതേസമയം, ആന്ധ്ര മുൻ ഖനി മന്ത്രി സബിത ഇന്ദ്ര റെഡ്ഡി, മുൻ ഐ.എ.എസ് ഓഫിസർ കൃപാനന്ദം, ഐ.എ.എസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മി എന്നിവരെ കേസിൽ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആന്ധ്ര ഖനി വകുപ്പ് മുൻ അസി. ഡയറക്ടർ ആർ. ലിംഗറെഡ്ഡി വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു.
കർണാടക -ആന്ധ്ര അതിർത്തി മേഖലയിലെ അനന്താപൂർ ഒബലാപുരം ഹിൽസിൽ നടന്ന ഖനനവുമായി ബന്ധപ്പെട്ട് 2009ലാണ് സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത്. വൈ.എസ് രാജശേഖര റെഡ്ഡി സർക്കാർ, ജനാർദന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഒ.എം.സി കമ്പനിക്ക് പരിധിവിട്ട സഹായങ്ങൾ നൽകിയെന്ന് സി.ബി.ഐ കണ്ടെത്തി.
മറ്റു 23 കമ്പനികളെ തഴഞ്ഞാണ് ഒ.എം.സിക്ക് സർക്കാർ അനുമതി നൽകിയത്. കമ്പനി ഖനന പരിധി ലംഘിച്ചതായും അനധികൃതമായി ഇരുമ്പയിര് കടത്തിയതായും കണ്ടെത്തി. മലയിലുണ്ടായിരുന്ന സുങ്കുലമ്മ ക്ഷേത്രം ഖനനത്തിനായി നശിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. കേസിനായി 3400 രേഖകൾ പരിശോധിക്കുകയും 219 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. അനധികൃത ഖനനത്തിലൂടെ ഒ.എം.സി കമ്പനി സർക്കാർ ഖജനാവിന് 884.13 കോടിയുടെ നഷ്ടം വരുത്തിയതായി സി.ബി.ഐ കണ്ടെത്തി.
2011ൽ സി.ബി.ഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ, മുൻ മന്ത്രിമാർ, റെഡ്ഡിയുടെ അടുത്ത സഹായികൾ എന്നിവരുൾപ്പെടെ ഒമ്പത് പ്രതികളെ ഉൾപ്പെടുത്തിയ അനുബന്ധ കുറ്റപത്രങ്ങൾ നൽകി. സുപ്രീം കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള വിചാരണ മേയ് അവസാനത്തോടെ അവസാനിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ മാസം അന്തിമ വാദങ്ങൾ അവസാനിച്ചതോടെ ചൊവ്വാഴ്ച നിർണായക വിധിക്ക് വഴിയൊരുങ്ങി. കർണാടകയിലെ ആദ്യ ബി.ജെ.പി സർക്കാറിലേക്ക് നയിച്ച ഓപറേഷൻ താമരക്കായി ഫണ്ടൊഴുക്കിയത് ജനാർദന റെഡ്ഡിയാണെന്ന ആരോപണമുണ്ടായിരുന്നു. തുടർന്ന് യെദിയൂരപ്പ മന്ത്രിസഭയിൽ മന്ത്രിയായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിട്ട് കല്യാണ രാജ്യ പ്രഗതിപക്ഷയമായി രംഗത്തുവന്ന ജനാർദന റെഡ്ഡി ഗംഗാവതി നിയമസഭ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 2024 മാർച്ച് 25ന് റെഡ്ഡി തന്റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ച് പഴയ ലാവണത്തിൽ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.