ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് തിക്കിലും തിരക്കിലും പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ ഏറെപ്പേരും വ്യാഴാഴ്ച വിടുതൽ വാങ്ങി. കണ്ണിനടുത്ത് പരിക്കേറ്റ 14കാരനാണ് തന്റെ ആശുപത്രിയിൽ തുടരുന്നവരിൽ ഒരാൾ എന്ന് ബംഗളൂരു ബൗറിങ്, ലേഡി കഴ്സൺ ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെമ്പരാജു പറഞ്ഞു.
വലതു കണ്ണിനടുത്തുള്ള പരിക്കായതിനാൽ അവൻ നിരീക്ഷണത്തിലാണെന്ന് സൂപ്രണ്ട് അറിയിച്ചു. വെള്ളിയാഴ്ച കുട്ടിയെ ഡിസ്ചാർജ് ചെയ്ത് പെരുന്നാൾ സന്തോഷങ്ങളിലേക്ക് കൊണ്ടുപോവാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ് മാതാവ് ഫർഹീൻ.
എന്താണ് സംഭവിച്ചതെന്നോ എങ്ങോട്ട് നീങ്ങണമെന്നോ അറിയാതെ മകൻ പേടിച്ചരണ്ടതാണെന്ന് അവർ പറഞ്ഞു. വിജയ പരേഡിന് അവൻ പോകുന്നുണ്ടെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവൻ നവാസ് പറഞ്ഞു.
തന്റെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുമെന്ന് മാത്രമാണ് വീട്ടിൽ പറഞ്ഞത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് നടക്കുമ്പോൾ ആളിരമ്പത്തിൽ പെട്ടുവീണ് ബോധം നഷ്ടപ്പെട്ടതായി തോന്നുന്നു. ആശുപത്രിയിൽനിന്ന് വിളി വന്നപ്പോഴാണ് തങ്ങൾ ആപത്ത് അറിയുന്നത്.
തന്റെ ആശുപത്രിയിലെത്തിയ 10 പേരിൽ ഭൂരിഭാഗവും ചെറിയ പോറലുകൾ, ശ്വാസതടസ്സം, ഉത്കണ്ഠ എന്നിവക്കാണ് ചികിത്സ തേടിയതെന്ന് കെമ്പരാജു പറഞ്ഞു. വീണ് കാലിന് ഒടിവ് സംഭവിച്ചാണ് മറ്റൊരാൾ ചികിത്സ തുടരുന്നത്. ബാക്കി എട്ടുപേരും വിടുതൽ നേടി.
വൈദേഹി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച 16ൽ നാലുപേർ മരിച്ചിരുന്നു. രണ്ടുപേർ മാത്രമാണ് ഇപ്പോഴും നിരീക്ഷണത്തിലുള്ളതെന്ന് ആശുപത്രി വക്താവ് വ്യാഴാഴ്ച പറഞ്ഞു. ശേഷിച്ചവർ ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.